വഴുതനങ്ങ മസാല ഇങ്ങിനെ കറി വച്ചാൽ അതിന്റെ രുചി ഒന്ന് വേറെ തന്നെ

അപ്പോൾ നമ്മുടെ ഈ സ്പെഷ്യൽ വഴുതനങ്ങ മസാലക്ക് വേണ്ടത് ഇടത്തരം രണ്ടു വഴുതനങ്ങയാണ്. ആദ്യം വഴുതനങ്ങ ചെറുതായി മുറിച്ചു എടുക്കുക. അതിനു ശേഷം കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വച്ച ശേഷം നന്നായി കഴുകി എടുക്കുക. വഴുതനയുടെ കറ പോകുന്നതിനു വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

ഇനി നമുക്ക് ഒരു പാൻ അടുപ്പിൽ വച്ചു നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഇനി അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു നന്നായി വഴറ്റുക. നിറം മാറി വരുന്ന സമയത്തു അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മല്ലിപൊടി എന്നിവ കൂടി ചേർത്തു നന്നായി വഴറ്റുക. ഈ സമയത്തു ചൂട് കുറച്ചു വക്കാൻ മറക്കരുത്. പൊടിയുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് വഴുതനങ്ങ ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്ത് അടച്ചു വച്ചു വേവിക്കുക. കുറഞ്ഞ ചൂടിൽ വേണം വേവിച്ചു എടുക്കാൻ. നമ്മൾ ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ആവിയിൽ തന്നെ വഴുതന വെന്തു വന്നോളും. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.

പത്തു മിനിറ്റ് കഴിഞ്ഞാൽ മൂടി തുറന്ന് അതിലേക്ക് ചെമ്മീൻ പൊടി ചേർത്തു കൊടുക്കണം. ഈ ചെമ്മീൻ പൊടി ആണ് ഈ മസാലയുടെ ഹൈ ലൈറ്റ്. ഒരു പിടി ഉണക്ക ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചട്ടിയിൽ ഇട്ടു വറുത്തു കോരുക. ഡ്രൈ റോസ്റ്റ് ചെയ്‌താൽ മതി. ഇങ്ങിനെ വറുത്തു എടുത്ത ചെമ്മീൻ മിക്സിയിൽ ഇട്ടു ഒന്നു പൊടിച്ചു എടുത്തു വേണം വഴുതന കൂട്ടിൽ ഇടാൻ. ഉണക്ക ചെമ്മീൻ പൊടിയും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു നമ്മുടെ അസ്സൽ വഴുതന മസാല വാങ്ങി വക്കാം. ചോറിന് അടിപൊളി കോമ്പിനേഷൻ ആണ് ഇത്.

Thanath Ruchi

Similar Posts