കടച്ചക്ക കിട്ടിയോ? എങ്കിൽ നമുക്ക് കടച്ചക്ക മസാലക്കറി റെഡിയാക്കിയെടുക്കാം
ആദ്യം ഒരു മീഡിയം സൈസ് കടച്ചക്ക തൊലിയെല്ലാം കളഞ്ഞു ചെറുതായി അരിഞ്ഞു എടുക്കുക. നന്നായി കഴുകി എടുത്തു കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വക്കുക. കറ കളയുന്നതിന് വേണ്ടിയാണ് ഇങ്ങിനെ വെള്ളത്തിൽ ഇട്ടു വക്കുന്നത്.
ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ തേങ്ങ അരപ്പ് റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ പെരും ജീരകം ഇട്ടു കൊടുത്ത ശേഷം ഒരു മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്തു രണ്ടു വെളുത്തുള്ളിയും, ഒരു ചെറിയ ഉള്ളിയും കൂടി ഇതിലേക്കു മുറിച്ചു ഇട്ടു കൊടുക്കണം. ചെറു തീയിൽ നല്ല വണ്ണം വറുത്തു എടുക്കുക. ഗോൾഡൻ ബ്രൗൺ നിറമായാൽ അതിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, രണ്ടര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപ്പൊടി, കാൽ സ്പൂൺ ഗരം മസാല എന്നിവ കൂടി ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ നന്നായി വറുത്തു എടുത്തു ചൂടാറാൻ വേണ്ടി മാറ്റി വക്കുക. ചൂടാറിയ ശേഷം നന്നായി അരച്ചു എടുക്കുക.
ഇനി കടച്ചക്ക വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ നമ്മൾ കഴുകി വച്ചിരിക്കുന്ന കടച്ചക്കയും, ഒരു സവാള നീളത്തിൽ അരിഞ്ഞതും, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒരു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക. ഇപ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. കഷണങ്ങൾ വെന്ത ശേഷം അതിലേക്ക് നമ്മൾ അരച്ച് വച്ച അരപ്പ് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം ആവശ്യമാണെങ്കിൽ ഇപ്പോൾ ചേർത്ത് കൊടുക്കണം. ഇനി അടുപ്പിൽ നിന്നും വാങ്ങി മാറ്റി വക്കുക.
ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ വച്ച ശേഷം അതിലേക്ക് നാലു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്തു നന്നായി മൊരിയിച്ച ശേഷം അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി ഇട്ടു കറിയിലേക്ക് ഒഴിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കടച്ചക്ക മസാലക്കറി റെഡി. ചോറിന് അടിപൊളി കോമ്പിനേഷൻ ആണ്.
