നാടൻ ഇരുമ്പൻ പുളി അച്ചാർ വെറൈറ്റി ടേസ്റ്റിൽ എങ്ങിനെയാണ് റെഡി ആക്കുന്നത് എന്ന് നോക്കാം

ഇരുമ്പൻ പുളി എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും അല്ലേ. അല്ലെങ്കിൽ അടുത്ത വീട്ടിൽ നിന്നും വാങ്ങിച്ചോളൂ. എന്നാലും ഈ ടേസ്റ്റ് ഒരിക്കലും മിസ്സ്‌ ചെയ്യരുത്. ഇനി നമുക്ക് ഈ സ്വാദിഷ്ടമായ അച്ചാർ തയ്യാറാകുന്നത് എങ്ങിനെ എന്നു നോക്കാം.

ആദ്യം ഇരുപത്, ഇരുപത്തി അഞ്ച് ഇരുമ്പൻ പുളി ഞെട്ടെല്ലാം കളഞ്ഞു വൃത്തിയായി കഴുകി എടുത്തു റൗണ്ട് ആയോ നീളത്തിലോ കട്ട്‌ ചെയ്തു വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് അഞ്ചോ ആറോ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ( നല്ലെണ്ണ ആയാലും മതി.) എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ കടുകും നാലു വറ്റൽ മുളകും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്തു നന്നായി വഴറ്റി എടുക്കുക. ഇനി അതിലേക്ക് പന്ത്രണ്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു ഒന്നു കൂടി വഴറ്റുക. ഇനി ഇതിലേക്ക് ആവശ്യത്തിന് പൊടികൾ ചേർക്കണം. മൂന്നു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ഉലുവപ്പൊടി, അര സ്പൂൺ കായം പൊടി എന്നിവ ചേർത്തു നന്നായി വഴറ്റുക. ഈ സമയത്ത് ചൂട് കുറച്ചു വക്കാൻ മറക്കരുത്. അല്ലെകിൽ പൊടികൾ പെട്ടന്ന് കരിഞ്ഞു പോകും.

ഇനി ഇതിലേക്ക് അര ഗ്ലാസ്‌ വെള്ളവും കൂടി ചേർത്തു തിളപ്പിക്കുക. ശേഷം അതിലേക്ക് നമ്മൾ കഴുകി വൃത്തി യാക്കി വച്ചിരിക്കുന്ന ഇരുമ്പൻ പുളി ചേർത്ത് ഒന്ന് തിളപ്പിക്കുക.ഈ സമയത്തു ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. നമ്മുടെ അച്ചാർ ഒന്നു തിളച്ചാൽ ഗ്യാസ് ഓഫ്‌ ചെയ്യണം. അല്ലെങ്കിൽ ഇരുമ്പൻ പുളി പെട്ടന്ന് വെന്തു ഉടഞ്ഞു പോകും. ഈ സമയത്ത് പുളി കൂടുതൽ തോന്നുന്നുണ്ടെങ്കിൽ രണ്ടു അച്ചു ശർക്കര കൂടി ചേർത്താൽ ഒരു വെറൈറ്റി ടേസ്റ്റ് ആയിരിക്കും. ഇനി കാൽ ഗ്ലാസ്‌ വിനിഗർ കൂടി ചേർത്ത് നന്നായി ഒന്നു മിക്സ് ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ ഇരുമ്പൻ പുളി അച്ചാർ റെഡി. ഈ അച്ചാർ പെട്ടന്ന് കേടുവരും. അതുകൊണ്ട് ഇത് ഉപയോഗിച്ച ശേഷം ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു വക്കുക.

Thanath Ruchi

Similar Posts