കിടിലൻ ഉണക്ക മുന്തിരി അച്ചാർ കഴിച്ചിട്ടുണ്ടോ.. കിടുവാണ് ഇതിന്റെ രുചി

അപ്പോൾ നമ്മുടെ ഉണക്ക മുന്തിരി അച്ചാർ എങ്ങിനെയാണ് ഉണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അര കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ഇനി കാൽ കിലോ ഉണക്ക മുന്തിരി ചേർത്ത് നന്നായി വറുത്തു കോരുക. നല്ല വണ്ണം വീർത്തു വന്നാൽ വാങ്ങി മാറ്റി വക്കണം. അതാണ്‌ പാകം. ഇനി അതെ എണ്ണയിലേക്ക് രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിച്ച ശേഷം വറ്റൽ മുളകും കറിവേപ്പിലയും കൂടി ഇട്ടു ഒന്നു കൂടി വഴട്ടുക. ഇനി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ടു സ്പൂൺ ചേർത്ത് ഒന്നുകൂടി വഴറ്റുക. ഇനി ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർക്കണം. ആദ്യം രണ്ടര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായം പൊടി, കാൽ സ്പൂൺ ഉലുവ പൊടി എന്നിവ ചേർത്ത് നന്നായി പച്ച മണം മാറുന്നത് വരെ വഴറ്റുക. പൊടികൾ ഇട്ട ശേഷം ചൂട് കുറച്ചു വക്കാൻ മറക്കരുത്. അല്ലാത്ത പക്ഷം പൊടികൾ എല്ലാം പെട്ടെന്ന് കരിഞ്ഞു പോകും.

പൊടികൾ എല്ലാം ചേർത്ത് നന്നായി വഴന്നു വന്നാൽ അതിലേക്ക് പുളി വെള്ളം ചേർക്കാം. ഒരു നാരങ്ങ വലുപ്പത്തിൽ പുളി വെള്ളത്തിൽ ഇട്ടു കുതിർന്ന ശേഷം നന്നായി പിഴിഞ്ഞ് എടുക്കുക. പുളി വെള്ളം ചേർത്ത് ഒന്നു തിളച്ച ശേഷം അതിലേക്ക് പാകത്തിന് മൂന്നു ശർക്കര അച്ചു കൂടി ഇട്ടു കൊടുക്കുക. അരിച്ചു എടുത്ത ശർക്കര പാനി ചേർത്താലും മതി. ഈ സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി ഇവ എല്ലാം കൂടി നന്നായി തിളയ്ക്കുവാൻ അനുവദിക്കുക. നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി കാൽ ഗ്ലാസ്‌ വിനിഗർ ഒഴിച്ച് നന്നായി അടച്ചു വക്കുക.

ചൂടാറിയ ശേഷം അതിലേക്ക് നമ്മൾ വറുത്തു കോരി വച്ചിരിക്കുന്ന ഉണക്ക മുന്തിരി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഉപ്പും പുളിയും മധുരവും എരിവും എല്ലാം പാകത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇപ്പോൾ നമ്മുടെ കിടിലൻ ഉണക്ക മുന്തിരി അച്ചാർ റെഡി. ഇത് ബിരിയാണിയുടെ കൂടെയും ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts