എരിവും പുളിയും മധുരവും ഉള്ള മിക്സഡ് അച്ചാർ.. വായിൽ കപ്പൽ ഓടും, തീർച്ച
മാങ്ങയും ഈന്തപ്പഴവും കാരറ്റും കൂടിയാണ് നമ്മൾ ഈ മിക്സഡ് അച്ചാർ ഉണ്ടാക്കി എടുക്കുന്നത്. ആദ്യം മാങ്ങയും കാരറ്റും ഈന്തപ്പഴവും ചെറുതാക്കി കനം കുറച്ചു മുറിച്ചു വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നല്ലെണ്ണ അര കപ്പ് ഒഴിച്ച് കൊടുക്കണം. രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിച്ച ശേഷം കറിവേപ്പിലയും, നാലു വറ്റൽ മുളകും ഇട്ട് ഒന്നു വഴറ്റുക. ഇനി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് മൂന്നു സ്പൂൺ ചേർത്ത് വഴറ്റുക.
നല്ല വണ്ണം വഴറ്റിയ ശേഷം മുളക് പൊടി രണ്ടു സ്പൂൺ, അച്ചാർ പൊടി ഒന്നര സ്പൂൺ, അര സ്പൂൺ കായംപൊടി, അര സ്പൂൺ ഉലുവ പൊടി എന്നിവ ചേർക്കുക. ഇപ്പോൾ ത൭ നല്ല വണ്ണം കുറച്ചു വച്ചിരിക്കണം. അല്ലെങ്കിൽ പൊടികൾ എല്ലാം കരിഞ്ഞു പോകും. ഇനി അതിലേക്ക് പത്തു ഈന്തപ്പഴം ചെറുതായി അരിഞ്ഞു ചേർക്കുക. അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് ഈന്തപ്പഴം നന്നായി വേവിച്ചു എടുക്കുക. ഉപ്പ് പാകത്തിന് ചേർക്കാൻ മറക്കരുത്. ഈന്തപ്പഴം വെന്തു കഴിഞ്ഞാൽ മാങ്ങയും കാരറ്റും ചേർക്കുക. അര ഗ്ലാസ് വിനിഗർ കൂടി ചേർത്ത് തിളപ്പിക്കുക.
മാങ്ങക്കു നല്ല പുളി ഉള്ളതാണെങ്കിൽ വിനിഗറിന്റെ അളവ് കുറക്കണം. ഈ സമയത്ത് എരിവും പുളിയും ഉപ്പും മധുരവും ഒക്കെ നോക്കണം. എന്തെങ്കിലും കുറവുണ്ടെങ്കിൽ ഈ സമയത്തു ചേർത്തു കൊടുക്കണം. ഇനി നമ്മുടെ അച്ചാർ ഒന്നു തിളച്ചാൽ മതി. അതിനു ശേഷം ത൭ ഓഫ് ചെയ്യുക. മാങ്ങയും, കാരറ്റും ഒരുപാട് വെന്തു പോകാൻ പാടില്ല. ഇപ്പോൾ നമ്മുടെ എരിവും പുളിയും മധുരവും ഉള്ള സൂപ്പർ അച്ചാർ റെഡി. ഇത് ബിരിയാണി യുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
