സദ്യ സ്പെഷ്യൽ ഓലൻ റെഡി ആക്കാം എളുപ്പത്തിൽ
അധികം എരിവ് ഇല്ലാത്ത ഓലൻ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ഐറ്റം ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ഓലൻ. ഇത് തയ്യാറാക്കാനോ വളരെ എളുപ്പവും. അപ്പോൾ ഒട്ടും വൈകിക്കേണ്ട, നമുക്ക് ഓലൻ റെഡി ആക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം. പലവിധ ത്തിലുള്ള ഓലൻ ഉണ്ട് കേട്ടോ. കുമ്പളങ്ങ ഓലൻ, മത്തങ്ങ – വൻപയർ ഓലൻ, ചിരങ്ങ ഓലൻ ഇങ്ങിനെ പോകുന്നു.
നമ്മൾ ഇന്നു ഉണ്ടാക്കുന്നത് ഇളവനും മത്തങ്ങയും കൂടിയുള്ള ഓലൻ ആണ്. സൂപ്പർ ടേസ്റ്റ് ആണ് കേട്ടോ ഈ ഓലന്. കാണാനോ, ഒരു പ്രത്യേക ഭംഗിയും. വെള്ളയും മഞ്ഞയും ചേർന്ന അടിപൊളി കളർ ആണ് നമ്മുടെ ഈ ഓലന്. ഇനി ഇത് റെഡി ആക്കുന്നത് എങ്ങിനെ എന്നു നോക്കാം. ഒരു ഇളവൻ നന്നായി വൃത്തി യാക്കി കനം കുറച്ചു മുറിച്ചു എടുക്കുക. അതേ പോലെ മത്തങ്ങയും വൃത്തിയാക്കി മുറിച്ചു എടുക്കുക. ഇളവൻ എടുത്തതിന്റെ പകുതി മത്തങ്ങ എടുത്താൽ മതിയാകും. ഇവ രണ്ടും കൂടി കുക്കറിൽ ഇടുക. രണ്ടു പച്ചമുളക് കൂടി മുറിച്ചു ഇടണം. ഇനി കാൽ ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചു വെച്ചു മൂന്നു വിസിൽ വരുന്നവരെ വെയിറ്റ് ചെയ്യുക. വെള്ളം കൂടുതൽ ചേർക്കേണ്ട ആവശ്യം ഇല്ല. ഇളവനിൽ നിന്നും നന്നായി വെള്ളം ഇറങ്ങും.
അപ്പോഴേക്കും നമുക്ക് തേങ്ങാ പാൽ എടുക്കണം. അതിനു വേണ്ടി ഒരു തേങ്ങ ചിരകി മിക്സിയിൽ ഇട്ടു കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചു കട്ടി തേങ്ങാ പാൽ എടുത്തു വക്കണം. ഇനി കുക്കർ തുറന്നു കഷണങ്ങൾ വെന്തു എന്നു ഉറപ്പാക്കിയ ശേഷം അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന കട്ടി തേങ്ങ പാൽ ചേർത്ത് കൊടുക്കുക. ഓലൻ നല്ല വണ്ണം കുറുകിയാണ് ഇരിക്കേണ്ടത്. ഇതിൽ വെള്ളം കൂടി പോയാൽ ടേസ്റ്റ് ഉണ്ടാകില്ല. തേങ്ങാപാൽ ചേർത്താൽ അപ്പോൾ തന്നെ വാങ്ങി വക്കണം. പിന്നെ ഓലൻ തിളയ്ക്കുവാൻ പാടില്ല. ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്താൽ നമ്മുടെ അടിപൊളി ഓലൻ റെഡി.
