നല്ല കൊഴുക്കട്ട ഉണ്ടാക്കി എടുക്കാം നല്ല നാടൻ രുചിയിൽ
ഇതിനു വേണ്ട ചേരുവകൾ എന്തൊക്ക ആണെന്ന് നോക്കാം. അരിപ്പൊടി 1 കപ്പ്, ശർക്കര 250 ഗ്രാം, തേങ്ങ ചിരകിയത് 1/2 മുറി, നെയ്യ് 1സ്പൂൺ, ഏലക്കപൊടി 1/4 സ്പൂൺ, ചൂടു വെള്ളം, ഉപ്പ് ആവശ്യത്തിന്.
ഇനി ഇതെങ്ങിനെയാണ് റെഡിയാക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം 2 ഗ്ലാസ് വെള്ളം ഒരു നുള്ള് ഉപ്പ് ചേർത്ത് തിളക്കാൻ വെക്കുക. തിളച്ച ശേഷം അരിപൊടിയിലേക്ക് കുറേശ്ശേ ഒഴിച്ച് നന്നായി നനച്ചു എടുക്കുക. കയ്യിൽ ഒട്ടിപിടിക്കാത്ത പരുവത്തിൽ വേണം കുഴച്ചു എടുക്കാൻ. (ചപ്പാത്തി പരുവം.)അത് ചൂടാറുന്നതിനു വേണ്ടി മാറ്റി വെക്കുക. ഇനി നമുക്ക് ഫില്ലിംഗ് റെഡിയാക്കി വെക്കണം. അതിനു വേണ്ടി ഒരു പാനിൽ ശർക്കരയും 2സ്പൂൺ വെള്ളവും ചേർത്ത് നന്നായി ഉരുക്കി എടുക്കുക. അത് ചൂടാ റിയ ശേഷം അരിച്ചു മാറ്റണം. ഇനി ഒരു പാനിൽ 1സ്പൂൺ നെയ്യ് ഒഴിച്ച ശേഷം ചിരകിയ തേങ്ങ ചേർക്കുക. 1 മിനിറ്റ് വഴറ്റിയ ശേഷം അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി കൂടി മിക്സ് ചെയ്ത് അതിലേക്ക് ഏലക്ക പൊടി ഇട്ടു നന്നായി മിക്സ് ചെയ്യുക. വെള്ളം വറ്റിയാൽ വാങ്ങി വക്കണം.
ഇനി നമ്മുടെ മാവ് ഓരോരോ ഉരുള കളായി ഉരുട്ടി വക്കണം. അതിൽ നിന്നും ഒരു ഉരുള എടുത്ത് കയ്യിൽ വച്ചു തന്നെ ഒന്നു പരത്തി എടുക്കുക. അതിലേക്ക് 1സ്പൂൺ ഫില്ലിംഗ് വച്ചു നന്നായി ഉരുട്ടി എടുക്കുക. എല്ലാ ബോൾസും ഇങ്ങിനെ തന്നെ ചെയ്തു എടുക്കുക. ഇനി നമുക്ക് ഈ ബോൾസ് ആവിയിൽ വേവിച്ചു എടുക്കണം. അതിനായി ഒരു ഇഡ്ഡലി തട്ടിൽ വെള്ളം വച്ചു തിളപ്പിച്ചു തട്ട് വച്ച ശേഷം ഓരോ ബോൾസും വച്ചു കൊടുത്തു വേവിക്കുക. 20മിനിറ്റ് കഴിഞ്ഞാൽ നന്നായി വെന്തു വന്നിട്ടുണ്ടാകും. ഇപ്പോൾ നമ്മുടെ ഈസി ആയ ടേസ്റ്റി ആയ കൊഴുക്കട്ട റെഡി. ഈ റെസിപ്പി ട്രൈ ചെയ്യാൻ മറക്കല്ലേ..
