|

ഉഗ്രൻ ടേസ്റ്റ് ഉള്ള പോർക്ക്‌ വരട്ടിയത് തയ്യാറാക്കി നോക്കാം; എന്തായാലും വായിൽ കപ്പലോടും, അത് തീർച്ച..!

അപ്പോൾ തുടങ്ങുകയല്ലേ.. ആദ്യം അര കിലോ പോർക്ക്‌ നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി എടുക്കണം. അതിനു ശേഷം ഒരു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു നേന്ത്ര കായ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ( പോർക്കിൽ നല്ല നെയ്യ് ഉള്ളത് കൊണ്ട് കായ ചേർക്കുന്നത് നല്ലതാണ്. ) ഇനി ഇതൊരു കുക്കറിലേക്ക് മാറ്റി നന്നായി അടച്ചു വച്ചു രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക. ( വേവിക്കുമ്പോൾ അര കപ്പ് വെള്ളം മാത്രം ചേർത്ത് കൊടുത്താൽ മതി. വരട്ടി എടുക്കാൻ ഉള്ളത് കൊണ്ട് അധികം വെള്ളം ചേർക്കരുത്. )

ഇനി ഒരു ചട്ടി ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ കാശ്മീരി മുളക്പൊടിയും, അര സ്പൂൺ മല്ലിപൊടിയും, അര സ്പൂൺ ഗരം മസാലയും ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പോർക്ക്‌ ചേർത്ത് കൊടുക്കണം. (പോർക്ക്‌ വേവിക്കുമ്പോൾ പുറത്തു വന്ന നെയ്യ് വേണ്ടെങ്കിൽ ഒഴിവാക്കാം. ) ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ത൭ കുറച്ചു വച്ചു കുറച്ചു നേരം വഴറ്റി കൊണ്ടിരിക്കുക. നന്നായി വരട്ടി എടുക്കണം.

പോർക്ക്‌ നന്നായി വരട്ടി വെള്ളമെല്ലാം വറ്റി എണ്ണ തെളിയുന്ന സമയത്ത് ഒരു സ്പൂൺ കുരുമുളക് പൊടിയും ഒരു സവാളയുടെ പകുതി കൊത്തി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ( പോർക്ക്‌ വരട്ട് തയ്യാറാക്കുമ്പോൾ കുരുമുളക് കൂടുതൽ ചേർക്കുന്നത് നല്ലതാണ്. ) ഇപ്പോൾ നമ്മുടെ അടിപൊളി പോർക്ക്‌ വരട്ടിയത് തയ്യാർ… !! ഇത് ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും, പൊറോട്ടയുടെ കൂടെയും, അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts