ഇന്ന് കറി വെക്കാൻ ഒന്നും ഇരിപ്പില്ലേ? ഒട്ടും വിഷമിക്കണ്ട, നമുക്ക് ഒരടിപൊളി ചമ്മന്തി ചോറ് തയ്യാറാക്കി എടുക്കാം
ചോറിന്റെ കൂടെ ചമ്മന്തി കഴിക്കാൻ ഒരു പ്രത്യേക ടേസ്റ്റ് ആണല്ലോ. അപ്പോൾ പിന്നെ ഈ ചമ്മന്തി ചോറിന്റെ കാര്യം എടുത്തു പറയേണ്ട ആവശ്യം ഇല്ല. നേരം വൈകിയ സമയത്തും ഈ ചമ്മന്തി ചോറ് പരീക്ഷിച്ചു നോക്കാവുന്നതെ ഉള്ളൂ.
അപ്പോൾ എങ്ങിനെ ആണ് ചമ്മന്തി ചോറ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നമുക്ക് ഇഷ്ടമുള്ള ഏതു അരിയുടെ ചോറും ഈ ചമ്മന്തി ചോറ് തയ്യാറാക്കി എടുക്കാൻ ഉപയോഗിക്കാം. അരി പാകത്തിന് വേവിച്ചു ഊറ്റി മാറ്റി വക്കണം. ഇനി ആദ്യം അര മുറി തേങ്ങ ചിരകിയത്, അഞ്ചു ചെറിയ ഉള്ളി, നാലു പച്ചമുളക്, നാലു വറ്റൽമുളക്, ഒരു ചെറുനാരങ്ങ വലുപ്പത്തിൽ പുളി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം. അൽപ്പം വെള്ളം ചേർത്തിട്ട് വേണം അരച്ച് എടുക്കാൻ.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലഞ്ചു വറ്റൽമുളക് പൊട്ടിച്ചത് ചേർത്ത് കൊടുക്കണം. ഇനി രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. അതിനു ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന തേങ്ങ ചമ്മന്തി അതിലേക്ക് ചേർത്ത് കൊടുക്കണം. ചെറിയ തീയിൽ നന്നായി വഴറ്റുക.
ഇനി അതിലേക്ക് രണ്ടു കപ്പ് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കുക. അൽപ്പം ഉപ്പ് ചേർത്ത് കൊടുക്കണം. ചോറിലേക്ക് ഉള്ള ഉപ്പ് മാത്രം ചേർത്താൽ മതിയാകും. ( ചമ്മന്തിയിൽ നമ്മൾ ഉപ്പ് ചേർത്തിട്ടുണ്ട്. ) ഇനി ഒരല്പം വെള്ളം മീതെ തളിച്ച് കൊടുക്കണം. അതിനു ശേഷം രണ്ടു മിനിറ്റ് മൂടി വക്കണം. അതിനു ശേഷം മൂടി തുറന്ന് ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ചമ്മന്തി ചോറ് തയ്യാർ… !! ഈ ചോറിന്റെ കൂടെ ഒരു കറിയും കൂടാതെ തന്നെ നമുക്ക് കഴിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത !
