മുട്ട കൊണ്ട് അടിപൊളി മീൻകറി തയ്യാറാക്കി നോക്കിയാലോ
അതേ, മീൻകറിയുടെ അതേ ടേസ്റ്റിൽ ഒരു മുട്ട കറി. മീൻ കിട്ടാത്ത സമയങ്ങളിൽ ഈ രീതിയിൽ ഒന്നു ചെയ്തു നോക്കാവുന്നതെ ഉള്ളൂ. അപ്പോൾ എങ്ങിനെ ആണ് ഈ ഡിഷ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചു എടുക്കണം. വേവിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർത്ത് കൊടുക്കണം. ( നന്നായി വെന്തു വന്നിട്ടില്ല എങ്കിൽ മുട്ടയുടെ തോൽ കളയുമ്പോൾ മുട്ടയും പൊട്ടി പോരും.)ഇനി നന്നായി ചൂടാറിയ ശേഷം മുട്ടയുടെ തോൽ കളഞ്ഞു വക്കണം.
ഇനി ഒരു മീൻ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ചൂടാക്കുക. അതിലേക്ക് കാൽ സ്പൂൺ ഉലുവ ചേർത്ത് കൊടുക്കണം. ഉലുവ പൊട്ടി വന്നാൽ അതിലേക്ക് ഒരു വലിയ പിടി ചെറിയ ഉള്ളി നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒന്നു വാടിയ ശേഷം ഒരു സവാള കനം കുറച്ചു കൊത്തി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ചെറിയ കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം.
രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞു ചേർത്ത് കൊടുക്കണം. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റുക. ഉള്ളിയും സവാളയും നന്നായി വാടിയ ശേഷം അതിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം. പൊടികളുടെ പച്ചമണം മാറിയ ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞു ചേർക്കുക. ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
ഈ സമയത്തു നമുക്ക് കറിയിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങ, അര സ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. അതിനു ശേഷം കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇനി ചെറിയ തീയിൽ നന്നായി തിളപ്പിക്കുക. കറി ഒന്നു കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് നമ്മൾ പുഴുങ്ങി തോട് കളഞ്ഞു വച്ചിരിക്കുന്ന മുട്ട നേടുകെ കീറി രണ്ടു കഷണങ്ങൾ ആക്കി കറിയിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി അഞ്ചു മിനിറ്റ് കൂടെ നന്നായി ചെറിയ തീയിൽ തിളപ്പിക്കുക. ഈ സമയത്ത് കറി ചട്ടി അടച്ചു വക്കണം. ( കറി ഇളക്കി മറിക്കരുത്. മുട്ട ആകെ പൊടിഞ്ഞു പോകും.) അരവ് മുട്ടയിലേക്ക് നന്നായി പിടിച്ചാൽ ത൭ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ മുട്ട മീൻകറി റെഡി… !! ഈ കറി ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി കോമ്പിനേഷൻ ആണ്..
