ചായക്കടയിലെ പൊരിച്ച പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

ചായക്കടയിലെ അതേ ടേസ്റ്റിൽ പൊരിച്ച പത്തിരി നമുക്കും വീട്ടിൽ തയ്യാറാക്കി എടുക്കാമെന്നേ.. അപ്പോൾ എങ്ങിനെ ആണ് പൊരിച്ച പത്തിരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അരിപൊടി നമുക്ക് നന്നായി വാട്ടി കുഴക്കണം. സാധാ പത്തിരിക്ക് കുഴക്കുന്നത് പോലെ തന്നെ ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നേ മുക്കാൽ കപ്പ് വെള്ളം വച്ചു തിളപ്പിക്കണം. അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി വെള്ളം നന്നായി തിളച്ചു വന്നാൽ അതിലേക്ക് അരിപൊടി ചേർത്ത് നന്നായി ഇളക്കി വാങ്ങി വക്കണം. ഒന്നു ചൂടാറണം. നന്നായി ആറാൻ വേണ്ടി കാത്തിരിക്കരുത്. ഇനി ഇളം ചൂടോടെ തന്നെ നന്നായി കുഴച്ചു എടുക്കുക. അപ്പോഴാണ് മാവ് നല്ല സോഫ്റ്റ്‌ ആയി വരുകയുള്ളൂ.

ഇനി അതിലേക്ക് ഒരു സ്പൂൺ എള്ള് ചേർത്ത് കൊടുക്കണം. ഇനി നമുക്ക് അര മുറി തേങ്ങ, ഒരു സ്പൂൺ ചെറിയ ജീരകം, മൂന്നു ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി ഒതുക്കി എടുക്കണം. വെള്ളം ചേർക്കാതെ വേണം ഒതുക്കി എടുക്കാൻ. ശേഷം നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി ഒരു ചെറിയ ഉരുള എടുത്തു കയ്യിൽ വച്ചു പത്തിരിയുടെ ഷെയ്‌പ്പിൽ പരത്തി എടുക്കുക. കയ്യിൽ വച്ചു പരത്തി എടുക്കാൻ പറ്റുന്നില്ല എങ്കിൽ ഒരു മൂടിയിൽ (ഏതെങ്കിലും ചെറിയ പാത്രത്തിന്റെ മൂടി മതി.) അൽപ്പം ഓയിൽ തടവിയ ശേഷം അതിലേക്ക് മാവ് ഇട്ടു തട്ടി എടുത്താൽ എല്ലാം ഒരേ ഷെയ്‌പ്പിൽ കിട്ടും. ഇനി ബാക്കി എല്ലാ മാവിൽ നിന്നും ഇങ്ങിനെ തന്നെ പത്തിരി തയ്യാറാക്കി വക്കുക.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്നതാണ് ടേസ്റ്റ്. വെളിച്ചെണ്ണ നന്നായി ചൂടായി വന്നാൽ നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ പത്തിരിയായി ഇട്ടു കൊടുത്തു പൊരിച്ചു മാറ്റുക. ഇപ്പോൾ നമ്മുടെ അടിപൊളി ചായക്കട സ്റ്റൈൽ പൊരിച്ച പത്തിരി റെഡി. നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts