ശർക്കര ഉപ്പേരി ഇല്ലാതെ എന്തു സദ്യ അല്ലേ, രുചികരമായ ശർക്കര ഉപ്പേരി തയ്യാറാക്കുന്ന വിധം
പക്ഷെ ബേക്കറിയിൽ നിന്ന് വാങ്ങാം എന്ന് കരുതിയാലോ. ഒടുക്കത്തെ വിലയും. അപ്പോൾ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കുന്നതല്ലേ കളർ…? അപ്പോൾ എങ്ങിനെ ആണ് ശർക്കര ഉപ്പേരി വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ പച്ച കായ തോല് കളഞ്ഞു വക്കുക. അതിനു ശേഷം ഒരു ബൗളിൽ വെള്ളം എടുത്തു അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി കൂടി ചേർത്ത് പത്തു മിനിറ്റ് കായ അതിൽ ഇട്ടു വക്കണം.
ഇനി കായ എടുത്തു നേടുകെ മുറിച്ചു വീണ്ടും കട്ട് ചെയ്തു എടുക്കുക. അധികം വലുതായി പോകാനും പാടില്ല, ചെറുതായി പോകാനും പാടില്ല. ഇനി വീണ്ടും മഞ്ഞൾ വെള്ളത്തിൽ ഇട്ടു വക്കണം. കായക്ക് നല്ല കറയുണ്ടാകും. അതു കളയുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചേർത്ത് നന്നായി തിളപ്പിക്കുക. അതിനു ശേഷം വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത കായ ചേർത്ത് നന്നായി വറുത്തു കോരണം. വെള്ളം നന്നായി വാർന്ന ശേഷം മാത്രം എണ്ണയിൽ ഇടുക അല്ലെങ്കിൽ പൊട്ടിത്തെറിക്കും. മീഡിയം ചൂടിൽ ഇട്ടു വേണം കായ വറുത്തു കോരാൻ. അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകും.
ഇനി വറുത്തു കോരിയ കായ ചൂടാറാൻ വേണ്ടി നിരത്തി വക്കണം. ഇനി ഒരു പാത്രത്തിൽ ഇരുന്നൂറ്റി അമ്പതു ഗ്രാം ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കണം. അതിനു ശേഷം അരിച്ചു മാറ്റി വീണ്ടും അടുപ്പിൽ വച്ചു തിളപ്പിച്ച് കൊണ്ടിരിക്കുക.ശർക്കര നന്നായി കുറുകി ‘ഒരു നൂൽ’ പരുവത്തിൽ ആയാൽ വറുത്തു വച്ചിരിക്കുന്ന കായ കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ശർക്കരയുടെ പാകം വളരെ പ്രധാനപെട്ടതാണ്. ഒരു സ്പൂൺ നെയ്യ് ഈ സമയത്തു ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പൂൺ ചുക്ക് പൊടിയും, ഒരു സ്പൂൺ ജീരകവും നാലു ഏലക്കയും കൂടി പൊടിച്ചതും ചേർത്ത് ഇളക്കുക. ഇനി രണ്ടു സ്പൂൺ പഞ്ചസാരയും, ഒരു സ്പൂൺ അരിപൊടിയും കൂടി മിക്സിയിൽ നന്നായി പൊടിച്ചു വച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ ശർക്കര വരട്ടി നന്നായി വിട്ടു വന്നിട്ടുണ്ടാകും. ഇനി നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക.പൊടിൾ എല്ലാം ചേർത്താൽ ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി ശർക്കര വരട്ടി തയ്യാർ. ഇനി ചൂടാറിയ ശേഷം അടച്ചു ഉറപ്പ് ഉള്ള ഒരു പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു വക്കാം.
