ചൂര മീൻ മുളകിട്ട് വറ്റിച്ചത്.. ഹോ.. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു; അപ്പോൾ പിന്നെ കഴിച്ചു നോക്കിയാലോ

അപ്പോൾ എങ്ങിനെ ആണ് ചൂര മീൻ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ ചൂര നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ( ഏതു ദശ കട്ടിയുള്ള മീൻ കൊണ്ടും ഇങ്ങിനെ കറി വക്കാം. )

ഇനി ഒരു മീൻ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ പിടി ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് നാലു അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് കൊടുക്കണം.

ഇവ നന്നായി വാടി വന്നാൽ അതിലേക്ക് മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, ഒന്നര സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികൾ ചേർത്താൽ പിന്നെ ത൭ നല്ല വണ്ണം കുറച്ചു വക്കണം. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോകും. പൊടികളുടെ പച്ചമണം മാറിയ ശേഷം ഇതെല്ലാം കൂടി നന്നായി അരച്ച് എടുക്കണം.

ഇനി വീണ്ടും ചട്ടി വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒരു സ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞത് ചേർത്ത് കൊടുക്കണം. നാലു അല്ലി വെളുത്തുള്ളി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി നാലു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക.

അതിലേക്ക് നമ്മൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റുക. ( ഇങ്ങിനെ ഉള്ളി വഴറ്റി അരച്ച് ചേർക്കുമ്പോൾ കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകും. ) ഇനി നന്നായി വഴറ്റി എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ചേർക്കുക. അല്ലെങ്കിൽ കുടം പുളി ചേർത്താലും മതി. ( പുളി പാകത്തിന് ചേർക്കണം. ) ഇനി കറിക്ക് ആവശ്യത്തിന് ഉപ്പും, ഒന്നര ഗ്ലാസ്‌ വെള്ളവും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു തിളപ്പിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ചേർത്ത് വേവിക്കുക.

ചെറിയ തീയിൽ വേണം മീൻ വേവിച്ചു എടുക്കാൻ. ഇനി കറിയൊക്കെ കുറുകി നന്നായി എണ്ണ തെളിഞ്ഞു വന്നാൽ ത൭ ഓഫ് ചെയ്യാം. അൽപ്പം കറിവേപ്പില കൂടി മുകളിൽ തൂവുക. ഇപ്പോൾ നമ്മുടെ അടിപൊളി ചൂര മീൻ വറ്റിച്ചത് തയ്യാർ… !! ഈ മീൻ കറി തലേ ദിവസം തന്നെ തയ്യാറാക്കി എടുത്താൽ ടേസ്റ്റ് കൂടും.

Thanath Ruchi

Similar Posts