സൂപ്പർ ടേസ്റ്റ് ഉള്ള ആലൂ പറാത്ത പെർഫെക്ട് ആയി റെഡി ആക്കി എടുക്കാം
കറിയൊന്നും കൂടാതെ തന്നെ ഈ ആലൂ പറാത്ത നമുക്ക് കഴിക്കാം. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരു പാട് ഇഷ്ടമാകും. അവർക്ക് സ്കൂളിൽ പോകുമ്പോൾ കൊടുത്തു വിടാൻ പറ്റിയ നല്ലൊരു ഡിഷ് ആണിത്. അപ്പോൾ എങ്ങിനെ ആണ് ആലൂ പറാത്ത തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ് ഗോതമ്പ് പൊടി പാകത്തിന് ഉപ്പും, വെള്ളവും ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ നന്നായി കുഴച്ചു മാറ്റി വക്കണം. അര മണിക്കൂർ മാറ്റി വക്കുക.
ഇനി രണ്ടു ഉരുളൻ കിഴങ്ങ് നന്നായി വേവിച്ചു എടുക്കണം. ചൂടാറിയ ശേഷം നന്നായി കട്ടകൾ ഇല്ലാതെ ഉടച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് കാൽ ടീ സ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കണം. അതിനുശേഷം ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞത് ചേർത്ത് വഴറ്റുക. രണ്ടു പച്ചമുളക് അരിഞ്ഞത് ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം.
ഇനി കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ ഉരുളകൾ ആക്കി വക്കണം. അതിൽ ഒരു ഉരുള എടുത്തു ചെറുതായി പരത്തണം. പപ്പടവട്ടം ആയാൽ മതി. ഇനി അതിനു നടുവിൽ ഒരു ഉരുള മസാല ചേർത്ത് വീണ്ടും ഉരുട്ടി എടുക്കുക. അതിനുശേഷം ഒന്നു കൂടി പരത്തി എടുക്കണം. ഒരു ചപ്പാത്തിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക. വളരെ ശ്രദ്ധിച്ചു വേണം പരത്തി എടുക്കാൻ. അതുപോലെ ഉരുളൻ കിഴങ്ങ് പൊടിക്കുമ്പോൾ തീരെ കട്ടകൾ ഇല്ലാതെ പൊടിക്കാൻ ശ്രദ്ധിക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ തടവി കൊടുക്കണം. ഇനി ഒരു പറാത്ത ഇട്ടു ചെറിയ ചൂടിൽ വച്ചു വേവിച്ചു എടുക്കുക. ഒരു സൈഡ് പാകത്തിന് വെന്തു വന്നാൽ തിരിച്ചു ഇട്ടു കൊടുക്കണം. ഇങ്ങിനെ എല്ലാ പറാത്തയും ചുട്ടു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ആലൂ പറാത്ത റെഡി… !! തൈര് സാലഡിന്റെ കൂടെയും, അച്ചാറിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.
