റെസ്റ്റോറന്റ് സ്റ്റൈലിൽ ചിക്കൻ 65 തയ്യാറാക്കി എടുത്താലോ.. വളരെ മൃദുലവും ജ്യൂസിയും ആയ ചിക്കൻ 65

റെസ്റ്റോറന്റിൽ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന ചിക്കൻ 65 ഇനി നമുക്ക് നമ്മുടെ വീട്ടിലും എളുപ്പത്തിൽ റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചിക്കൻ നല്ല വൃത്തിയായി കഴുകി എടുക്കുക. ഇനി അതിലേക്ക് മസാല ചേർത്ത് വക്കണം.

അതിനു വേണ്ടി ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ സ്പൂൺ മല്ലിപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ ജീരക പൊടി, അര സ്പൂൺ കുരുമുളക്പൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ട, ഒരു സ്പൂൺ നാരങ്ങ നീര്, രണ്ടു സ്പൂൺ കോൺ ഫ്ലോർ, ഒരു സ്പൂൺ അരിപൊടി, ഒരു പിടി മല്ലിയില അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, പാകത്തിന് ഉപ്പ് ഇതെല്ലാം കൂടി ചിക്കനിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അതിനു ശേഷം കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വക്കണം. ( മസാലയെല്ലാം ചിക്കനിലേക്ക് നന്നായി പിടിക്കുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. )

ഇനി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ചിക്കൻ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ചിക്കൻ കുറേശ്ശേ ആയി ചേർത്ത് നന്നായി വറുത്തു കോരുക. ഇപ്പോൾ അൽപ്പം കറിവേപ്പിലയും പച്ചമുളകും കൂടി വറുത്തു കോരി ഇങ്ങിനെ തന്നെ ഉപയോഗിക്കാം. പക്ഷെ, ഞാൻ ഇന്നിവിടെ ഒരു സോസ് കൂടി തയ്യാറാക്കി എടുക്കുന്നുണ്ട്. അതിൽ നമ്മൾ വറുത്തു കോരിയ ചിക്കൻ മിക്സ്‌ ചെയ്തു എടുത്താൽ ശരിക്കും റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ 65 നമുക്ക് ലഭിക്കും.

സോസ് തയ്യാറാക്കി എടുക്കുന്നതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. അതിലേക്ക് അൽപ്പം പെരുംജീരകം ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ ഇഞ്ചി കൊത്തി അരിഞ്ഞതും, അര സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കൊടുക്കണം. ഒന്നു വാടിയ ശേഷം അഞ്ചു പച്ചമുളക് കീറിയതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് വറുക്കുക.

അതിലേക്ക് ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി രണ്ടു സ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി കാൽ കപ്പ്‌ വെള്ളം ചേർത്ത് തിളപ്പിക്കുക. ഇനി നമ്മൾ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഈ സോസിലേക്ക് ചേർത്ത് കൊടുക്കണം നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ 65 റെഡി… !!

Thanath Ruchi

Similar Posts