വളരെ അധികം സ്വാദുള്ള ചുരക്ക മസാല കറി (ചിരങ്ങ മസാല) തയ്യാറാക്കി കഴിച്ചിട്ടുണ്ടോ.. എന്റെ സാറേ ഇത് വേറെ ലെവൽ മസാല കറി ആണുട്ടോ
അപ്പോൾ എങ്ങിനെ ആണ് ഈ സ്പെഷ്യൽ ചുരക്ക മസാല കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചുരക്ക തോൽ കളഞ്ഞു ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കണം. അതിനു ശേഷം വൃത്തിയായി കഴുകി എടുക്കുക. ഇനി ഒരു കുക്കറിലേക്ക് മാറ്റി അര ഗ്ലാസ് വെള്ളവും, കാൽ സ്പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചു വക്കണം.
അപ്പോഴേക്കും നമുക്ക് ഇതിലേക്ക് ആവശ്യമായ തേങ്ങ അരപ്പ് റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ പെരുംജീരകം, ഒരു കഷ്ണം പട്ട, ഒരു ഗ്രാമ്പു എന്നിവ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറുക്കണം. ചെറിയ ചൂടിൽ വേണം വറുത്തു എടുക്കാൻ. അതിലേക്ക് രണ്ടു ചെറിയ ഉള്ളിയും, രണ്ടു വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വറുത്തു എടുക്കുക. തേങ്ങ നല്ല വണ്ണം ബ്രൗൺ നിറത്തിൽ ആയി വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യണം. പൊടികളുടെ പച്ചമണം മാറി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.
ഇനി ഈ തേങ്ങ കൂട്ട് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചുരക്കയിലേക്ക് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്യണം. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. കറിക്ക് ചാറ് വേണ്ടത് അനുസരിച്ചു വെള്ളം ചേർത്ത് കൊടുത്താൽ മതി. ഇനി നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി കറിയിലേക്ക് വറവ് ഇട്ടു കൊടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിലേക്ക് ആറു ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി കറിയിൽ ഒഴിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചുരക്ക മസാല കറി തയ്യാർ… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
