ഓട്സ് കൊണ്ട് ഒരു വെറൈറ്റി പായസം തയ്യാറാക്കി കഴിച്ചു നോക്കാം വളരെ എളുപ്പത്തിൽ
ഇന്നത്തെ എല്ലാ വീടുകളിലും ഓട്സ് ഉണ്ടായിരിക്കും. അപ്പോൾ ഓട്സ് കൊണ്ട് അടിപൊളി പായസം തയ്യാറാക്കിയാലോ…?! ഓട്സ് പായസം വളരെ അധികം ടേസ്റ്റിയാണ്. അതുപോലെ തന്നെ തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ പായസം ഇഷ്ടപെടും. അപ്പോൾ എങ്ങിനെ ആണ് ഓട്സ് പായസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ചൂടായി വന്നാൽ ഒരു കപ്പ് ഓട്സ് ചേർത്ത് കൊടുക്കുക. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കണം. ഓട്സ് നന്നായി വറുത്തു എടുക്കണം. ഓട്സ് വറുത്തു കഴിഞ്ഞാൽ അതിലേക്ക് ഒരു പാക്കറ്റ് പാലും ( അര ലിറ്റർ ) ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി പാൽ തിളക്കണം.
അപ്പോഴേക്കും നമുക്ക് ശർക്കര ഉരുക്കി എടുക്കണം. അതിനു വേണ്ടി ഇരുന്നൂറു ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. അതിനു ശേഷം അരിച്ചു മാറ്റി വക്കണം. ഈ സമയത്ത് പാൽ നന്നായി തിളച്ചു വന്നിട്ടുണ്ടാകും. ഓട്സ് നന്നായി വെന്തു വന്നാൽ അതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി കൈ എടുക്കാതെ ഇളക്കി കൊടുക്കണം. പായസം അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം.
അഞ്ചു മിനിറ്റ് കൂടി ചെറിയ തീയിൽ വച്ചു തിളപ്പിക്കണം. അതിനു ശേഷം അര സ്പൂൺ ഏലക്ക പൊടി ചേർത്ത് വാങ്ങി വക്കുക. ഇനി നമുക്ക് പായസത്തിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ഇനി ഒരു പിടി അണ്ടിപരിപ്പും, ഒരു പിടി ഉണക്ക മുന്തിരിയും ചേർത്ത് വറുത്തു കോരുക. ഇനി ഇതും പായസത്തിലേക്ക് ചേർത്ത് കൊടുക്കണം.
ഇപ്പോൾ നമ്മുടെ അടിപൊളി ഓട്സ് പായസം തയ്യാർ… !! ഈ പായസത്തിനു സൂപ്പർ ടേസ്റ്റ് ആണ്. ഇതിൽ ശർക്കരക്ക് പകരം പഞ്ചസാര ചേർത്തും പായസം റെഡി ആക്കി എടുക്കാം. പഞ്ചസാര ചേർക്കുമ്പോൾ അര ടിൻ മിൽക്ക് മെയ്‌ഡ് കൂടി ചേർത്താൽ ടേസ്റ്റ് കൂടും.
