റെസ്റ്റോറന്റ് സ്റ്റൈലിൽ അടിപൊളി ടേസ്റ്റ് ഉള്ള പനീർ മസാല തയ്യാറാക്കി എടുക്കാം
എല്ലാവർക്കും പ്രിയപ്പെട്ടതാണ് പനീർ. അപ്പോൾ എങ്ങിനെ ആണ് പനീർ കൊണ്ടു സൂപ്പർ ടേസ്റ്റിൽ പനീർ മസാല റെഡി ആക്കുന്നത് എന്ന് നോക്കാം. ആദ്യം പനീർ ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തു എടുക്കുക. അതിനു ശേഷം അൽപ്പം മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. അതിനു ശേഷം പനീർ കഷണങ്ങൾ ചേർത്ത് തിരിച്ചും മറിച്ചും ഇട്ടു നന്നായി വറുത്തു എടുത്തു മാറ്റി വക്കണം. ഇനി ചുവട് കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ്, ഒരു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് ഒരു ടീ സ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി ഒരു ചെറിയ കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക, ഒരു നുള്ള് കായം പൊടി എന്നിവ ചേർത്ത് കൊടുക്കുക.
ഇനി അതിലേക്ക് തീരെ കനം കുറച്ചു പൊടിയായി അരിഞ്ഞ മൂന്നു സവാള ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ ഇട്ടു വേണം വഴറ്റി എടുക്കാൻ. സവാള നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ രണ്ടു തക്കാളി അരച്ചത് ചേർത്ത് വഴറ്റുക. രണ്ടു സ്പൂൺ വെള്ളം ചേർത്ത് അടച്ചു വച്ചു വേവിക്കുക.
നന്നായി എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ തൈര് ചേർത്ത് മിക്സ് ചെയ്യണം. ഇനി മൂന്നു പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. ഇനി ഒരു സ്പൂൺ കസൂരി മേത്തി കൈ കൊണ്ട് തന്നെ പൊടിച്ചു ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. ഇനി ഗ്രേവി വേണ്ടതനുസരിച്ചു വെള്ളം ചേർത്ത് കൊടുക്കണം. നല്ല തിക്ക് ഗ്രേവി ആണ് ടേസ്റ്റ്. അപ്പോൾ അതനുസരിച്ചു വെള്ളം ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. കറി നന്നായി തിളപ്പിക്കുക. എണ്ണ തെളിഞ്ഞു വന്നാൽ നമ്മൾ വറുത്തു മാറ്റി വച്ചിരിക്കുന്ന പനീർ ചേർത്ത് കൊടുക്കണം. ഇനി രണ്ടു മിനിറ്റ് കൂടി തിളപ്പിച്ച് കറി വാങ്ങി വക്കാം. അൽപ്പം മല്ലിയില മുകളിൽ തൂവി സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി പനീർ മസാല റെഡി… !! ചപ്പാത്തിയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്. കുട്ടികൾക്ക് ഈ പനീർ മസാല ഒരു പാട് ഇഷ്ടപെടും.
