സദ്യ സ്പെഷ്യൽ ആയ അടിപൊളി മത്തങ്ങാ പച്ചടി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
അപ്പോൾ എങ്ങിനെ ആണ് മത്തങ്ങാ പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ്റി അമ്പതു ഗ്രാം മത്തങ്ങാ തൊലി കളഞ്ഞു ചെറുതായി മുറിച്ചു എടുക്കുക. നല്ല പഴുത്ത മത്തങ്ങ ആണ് പച്ചടി തയ്യാറാക്കി എടുക്കാൻ ബെസ്റ്റ്. തൊലി കളഞ്ഞു എടുത്ത മത്തങ്ങ വൃത്തിയായി കഴുകി എടുക്കുക. ഇനി അര കപ്പ് വെള്ളം ചേർത്ത് വേവിച്ചു എടുക്കണം. മത്തങ്ങ വേവിക്കുമ്പോൾ അര സ്പൂൺ മുളക്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. ഈ പച്ചടി നല്ല കട്ടിയായിട്ടാണ് വേണ്ടത്. അതുകൊണ്ട് അൽപ്പം വെള്ളം മാത്രം ചേർത്ത് കൊടുക്കണം. വെള്ളം കൂടിയാൽ കറിയായി മാറും.
മത്തങ്ങ വെന്തു വരുന്ന സമയത്തു നമുക്ക് തേങ്ങ ചിരകി അരച്ച് എടുക്കണം. അതിനു വേണ്ടി അര മുറി തേങ്ങ ചിരകിയത്, ഒരു നുള്ള് ചെറിയ ജീരകം, ഒരു സ്പൂൺ കടുക്, രണ്ടു പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കണം. ഇനി നന്നായി അരച്ചു എടുക്കുക. മത്തങ്ങ നന്നായി വെന്തു വന്നാൽ ഒരു തവി കൊണ്ട് നന്നായി ഉടച്ചു എടുക്കുക. അതിനു ശേഷം അതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കണം. ഇനി നന്നായി തിളപ്പിക്കുക. അതിലേക്ക് നമ്മൾ അരച്ച് വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അരപ്പ് ചേർത്താൽ പിന്നെ ഒരു ചൂടായാൽ വാങ്ങി വക്കണം. ഇനി തിളപ്പിക്കുവാൻ പാടില്ല. തിളച്ചാൽ തേങ്ങ പിരിഞ്ഞു പോകും.
ഇനി നമുക്ക് പച്ചടിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി മൂന്നു വറ്റൽമുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി ഈ വറവ് പച്ചടിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി മത്തങ്ങാ പച്ചടി തയ്യാർ… !! സദ്യ ആയാൽ ഒരു പച്ചടി പ്രധാനമാണ്. നല്ല ടേസ്റ്റി ആയ ഈ മത്തങ്ങാ പച്ചടി എല്ലാവർക്കും വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം.
