നോർത്ത് ഇന്ത്യൻ ഡിഷ് ആയ പാലക് പനീർ രുചികരമായി ഇനി വീട്ടിലും തയ്യാറാക്കി എടുക്കാം
അപ്പോൾ നമുക്ക് ഈസി ആയി എങ്ങിനെ ആണ് പാലക് പനീർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കെട്ട് പാലക് ചീര ഏകദേശം ഇരുന്നൂറ്റി അമ്പതു ഗ്രാം നല്ല വൃത്തിയായി കഴുകി എടുക്കുക. ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കണം. അതിലേക്ക് കഴുകി വച്ചിരിക്കുന്ന പാലക് ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. അതിനു ശേഷം ചീര എടുത്തു തണുത്ത വെള്ളത്തിൽ ഇടണം. അധികം വെന്തു പോകാതിരിക്കാൻ വേണ്ടിയാണ്.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ബട്ടർ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, നാലു വെളുത്തുള്ളി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വഴന്നു വന്നാൽ അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ജീരക പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. പൊടികളുടെ പച്ചമണം മാറിയ ശേഷം ഒരു സ്പൂൺ കസൂരി മേത്തി ചേർത്ത് നന്നായി മിക്സ് ചെയ്യണം.
ഇനി ഈ മസാലയും, പാലക് ചീരയും കൂടി മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു പേസ്റ്റ് ആക്കുക. അൽപ്പം വെള്ളം ചേർത്ത് അരച്ചു എടുത്താൽ മതി. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി രണ്ടു മിനിറ്റ് തിളപ്പിച്ച് എടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി മൂന്നു സ്പൂൺ ഫ്രഷ് ക്രീം ചേർത്ത് മിക്സ് ചെയ്യുക. ഫ്രഷ് ക്രീം ഇല്ലെങ്കിൽ അൽപ്പം അണ്ടിപ്പരിപ്പ് കുതിർത്ത് അരച്ചു ചേർത്താൽ മതി. നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് പതുക്കെ പനീർ കഷണങ്ങൾ ചേർത്ത് മിക്സ് ചെയ്യണം. ഇരുന്നൂറു ഗ്രാം പനീർ ചേർത്താൽ മതി. ഇനി രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പാലക് പനീർ റെഡി… !! അൽപ്പം ഫ്രഷ് ക്രീം മുകളിൽ തൂവി സെർവ്വ് ചെയ്യാം.
