സൂപ്പർ ടേസ്റ്റി ബീറ്റ്റൂട്ട് പക്കാവട എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

ഈ ബീറ്റ്റൂട്ട് പക്കാവട നല്ല കളർ ഫുൾ ആണ് കാണാൻ. ബീറ്റ്റൂട്ട് ആയതു കൊണ്ടു തന്നെ നല്ല റെഡ്ഢിഷ് കളർ ഉണ്ടാകും. അതുകൊണ്ട് തന്നെ ആർക്കും കണ്ട മാത്രയിൽ തന്നെ കഴിക്കാൻ തോന്നും. തയ്യാറാക്കി കഴിഞ്ഞാൽ ബീറ്റ്റൂട്ട് ആണെന്ന് ആർക്കും മനസ്സിലാകുകയുമില്ല. പറഞ്ഞാൽ മാത്രമാണ് ഇതെന്താണ് എന്ന് മനസ്സിലാകൂ. അപ്പോൾ എങ്ങിനെ ആണ് ഈ സ്പെഷ്യൽ ബീറ്റ്റൂട്ട് പക്കാ വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബീറ്റ്റൂട്ട് തോൽ കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനുശേഷം നന്നായി ഗ്രേറ്റ്‌ ചെയ്തു വക്കണം. ഇനി ഒരു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞു എടുക്കുക. രണ്ടു പച്ചമുളക് അരിഞ്ഞു വക്കുക. ഇനി ഒരു പാത്രത്തിൽ ബീറ്റ്റൂട്ട് അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നുള്ള് കായം പൊടി, പാകത്തിന് ഉപ്പ്, അര സ്പൂൺ മുളക്പൊടി, ഒരു നുള്ള് മഞ്ഞൾപൊടി, അര കപ്പ് കടല മാവ്, ഒരു സ്പൂൺ അരിപൊടി, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. രണ്ടു സ്പൂൺ വെള്ളം ചേർത്ത് കൊടുക്കണം. നല്ല ലൂസ് ബാറ്റർ ആയി പോകരുത്. അതുപോലെ നല്ല കട്ടിയിലും ആകരുത്. രണ്ടിന്റെയും ഇടയിൽ നിൽക്കുന്ന ഒരു പാകത്തിന് മാവ് കുഴച്ചു എടുക്കുക. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം.

ഇവിടെ ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കുക. ഇനി മാവിൽ നിന്നും ഒരു സ്പൂൺ എടുത്തു ഓയിലിലെക്ക് ചേർത്ത് കൊടുക്കുക. സാധാരണ ഇതിന് പ്രത്യേക ഷെയ്‌പ്പ് ഉണ്ടാകില്ല. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ തിരിച്ചു ഇട്ടു കൊടുക്കണം. മാവ് നമ്മൾ ചേർത്ത് കൊടുക്കുമ്പോൾ എണ്ണക്ക് നല്ല ചൂട് ഉണ്ടാകണം. അതിനു ശേഷം ചൂട് നല്ല വണ്ണം കുറച്ചു വക്കുക. ഇങ്ങിനെ ബാക്കിയുള്ള മാവ് കൊണ്ട് എല്ലാ പക്കാവടയും വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി ബീറ്റ്റൂട്ട് പക്കാവട തയ്യാർ… !! നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts