ചീര കൊണ്ട് അടിപൊളി അവിയൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ

സാധാ അവിയൽ എല്ലാവരും കഴിച്ചു നോക്കിയിട്ടുണ്ടാകും. പക്ഷെ ഈ സ്പെഷ്യൽ ചീര അവിയൽ ഉണ്ടെങ്കിൽ പിന്നെ വേറെ കറികളൊന്നും വേണ്ടി വരില്ല. പച്ച ചീരയാണ് ചീര അവിയലിനു കൂടുതൽ അനുയോജ്യം. അപ്പോൾ എങ്ങിനെ ആണ് ചീര അവിയൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കെട്ട് ചീര നന്നായി കഴുകി എടുക്കുക. ഇനി അതിന്റെ തണ്ട് അവിയൽ കഷണങ്ങളുടെ പരുവത്തിൽ മുറിച്ചു എടുക്കുക. ചീരയിലയും മുറിച്ചു എടുക്കുക, ഇനി രണ്ടു മുരിങ്ങക്ക, നാലു പയർ, ഒരു കഷ്ണം കുമ്പളങ്ങ, ഒരു കായ, ഒരു കാരറ്റ് എന്നിവ അവിയലിന്റെ പരുവത്തിൽ നീളത്തിൽ അരിഞ്ഞു എടുക്കുക. ഇനി ഇവയെല്ലാം കൂടെ ഒരു പാനിലേക്ക് മാറ്റി അര സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ മുളക്പൊടിയും കൂടി ചേർത്ത് അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് വേവിക്കുക. പകുതി വേവ്വ് ആയാൽ പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം.

ഇനി നമുക്ക് അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങ, നാലു പച്ചമുളക്, അര സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ചതച്ചു എടുക്കുക. ഇനി പച്ചക്കറികൾ മുക്കാൽ വേവ്വ് ആയ ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി അര കപ്പ് തൈര് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് വാങ്ങി വക്കണം. ഇനി അൽപ്പം പച്ച വെളിച്ചെണ്ണ ചേർത്ത് മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി ചീര അവിയൽ റെഡി.! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts