സദ്യ സ്പെഷ്യൽ നാടൻ അവിയൽ ഈ രീതിയിൽ തയ്യാറാക്കി എടുക്കണം. എന്താ ടേസ്റ്റ്, എന്താ മണം
സദ്യയിലെ ഒരു പ്രധാന വിഭവം ആണ് അവിയൽ. അവിയൽ ഇല്ലാതെ എന്തു സദ്യ അല്ലേ..? അവിയൽ ഓരോ നാട്ടിലും വ്യത്യസ്ത രീതിയിൽ ആണ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ എങ്ങിനെ ആണ് നാടൻ സ്വാദ് ഉള്ള അവിയൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നമുക്ക് പച്ചക്കറികൾ മുറിച്ചു എടുക്കാം. ആദ്യം ഒരു കാരറ്റ് നീളത്തിൽ അരിഞ്ഞു എടുക്കുക. ഒരു നേന്ത്രകായ നീളത്തിൽ അരിഞ്ഞു എടുക്കുക. ഒരു കഷ്ണം ചേന, ഒരു കഷ്ണം ഇളവൻ, ഒരു കഷ്ണം മത്തങ്ങ, അഞ്ചു പയർ, നാലു ബീൻസ്, രണ്ടു മുരിങ്ങ കായ എന്നിവയും നീളത്തിൽ അരിഞ്ഞു എടുക്കുക. എല്ലാ കഷണങ്ങളും പരമാവധി കനം കുറച്ചു അരിഞ്ഞു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇവ എല്ലാം വൃത്തിയായി കഴുകി എടുക്കുക.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് പച്ചക്കറികൾ എല്ലാം ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്തു ചെറിയ ചൂടിൽ വേവിച്ചു എടുക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ഇളക്കി കൊണ്ട് വേണം വേവിച്ചു എടുക്കാൻ. പകുതി വേവ്വ് ആയി കഴിഞ്ഞാൽ പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം.
ഇനി നമുക്ക് അരപ്പ് റെഡി ആക്കി എടുക്കണം. അര മുറി തേങ്ങ, ആറോ,എട്ടോ പച്ചമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ചതച്ചു എടുക്കണം. വെള്ളം ചേർക്കരുത്. ഇനി കഷണങ്ങൾ വെന്തു വന്നാൽ അതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കണം. നന്നായി തിളച്ചു വന്നാൽ അതിലേക്ക് അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി വാങ്ങി വക്കണം. ഇനി മൂന്നു സ്പൂൺ പച്ച വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യണം. അൽപ്പം കറിവേപ്പില കൂടി ചേർത്ത് അൽപ്പനേരം അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ അവിയൽ റെഡി.! ചില നാട്ടിൽ തേങ്ങ അരപ്പിൽ ചെറിയ ജീരകവും, ചെറിയ ഉള്ളിയും ചേർത്ത് ചതച്ചു ചേർക്കാറുണ്ട്.
