മധുരമൂറും നാടൻ തേങ്ങ ലഡ്ഡു തയ്യാറാക്കി എടുക്കാം നിമിഷ നേരം കൊണ്ട്

നല്ല ടേസ്റ്റ് ഉള്ള ഈ തേങ്ങ ലഡ്ഡു തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അതുപോലെ തന്നെ ഇത് രണ്ടാഴ്ചയോളം കേടു കൂടാതെ ഇരിക്കുകയും ചെയ്യും. അപ്പോൾ എങ്ങിനെ ആണ് തേങ്ങ ലഡ്ഡു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു വലിയ തേങ്ങ നന്നായി ചിരകി എടുക്കുക. അതിനു ശേഷം അതിലെ തേങ്ങാപാൽ പിഴിഞ്ഞ് മാറ്റുക. ഈ തേങ്ങാ പാൽ നമുക്ക് ആവശ്യമില്ല. അത് വേറെ എന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഇനി നാന്നൂറു ഗ്രാം ശർക്കര അര കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. തേങ്ങ എത്രയാണോ എടുക്കുന്നത് അതിന്റെ ഇരട്ടി ശർക്കര ഉപയോഗിക്കുക. ഇനി അത് ചൂടാറിയ ശേഷം നന്നായി അരിച്ചു എടുക്കുക. ഇനി അരിച്ചു മാറ്റിയ ശർക്കര പാനി വീണ്ടും അടുപ്പിൽ വച്ചു തിളപ്പിക്കുക.

നന്നായി തിളച്ചു ഒരു നൂൽ പരുവം ആകുന്നത് വരെ തിളപ്പിക്കണം. അതിനു ശേഷം ഈ പാനിയിലേക്ക് നമ്മൾ മാറ്റി വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി അതിലേക്ക് ഒരു സ്പൂൺ ഏലക്ക പൊടിയും, ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു മിനിറ്റ് തിളയ്ക്കുമ്പോഴേക്കും അതിലെ വെള്ളം വറ്റി ഡ്രൈ ആയി വന്നിട്ടുണ്ടാകും. നിർത്താതെ മിക്സ്‌ ചെയ്തു കൊണ്ടിരിക്കണം. ചെറിയ ചൂടിൽ മാത്രമേ ഇതു തയ്യാറാക്കി എടുക്കാൻ പാടുള്ളു. അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകും. ഒരു ചെറിയ പീസ് എടുത്തു ഉരുട്ടി നോക്കുമ്പോൾ ഉരുള ആകണം. അതാണ് പാകം. ഇനി ഗ്യാസ് ഓഫ് ചെയ്യണം. ഒന്നു ചൂടാറാൻ വേണ്ടി മാറ്റി വക്കുക. ഇനി ചെറിയ ചൂടോടെ ചെറിയ ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഉരുള റെഡിയാക്കുമ്പോൾ കയ്യിൽ അൽപ്പം നെയ്യ് തടവുക. ഇപ്പോൾ നമ്മുടെ അടിപൊളി തേങ്ങ ലഡ്ഡു തയ്യാർ… !! ഇനി ചൂടാറിയ ശേഷം എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു വക്കാം. രണ്ടാഴ്ച വരെ ഒരു കേടും കൂടാതെ ഇരിക്കും.

Thanath Ruchi

Similar Posts