ഉഴുന്നു വടയുടെ അതേ ടേസ്റ്റിൽ ഗോതമ്പു വട തയ്യാറാക്കി എടുത്താലോ

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വടയാണ് ഗോതമ്പ് വട. നാലുമണി നേരത്ത് തയാറാക്കി എടുക്കാൻ പറ്റുന്ന സൂപ്പർ സ്നാക്ക് ആണിത്. അപ്പോൾ എങ്ങിനെ ആണ് ഈ ഗോതമ്പു വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൌളിലേക്ക് അഞ്ചു ചെറിയ ഉള്ളി ചെറുതായി വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. അതിലേക്ക് നാലു പച്ചമുളക് അരിഞ്ഞത്, പച്ചമുളക് എരിവിന് അനുസരിച്ചു ചേർക്കണം കേട്ടോ. അല്ലെങ്കിൽ എരിവ് കൂടും. രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, മൂന്നു സ്പൂൺ തൈര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്യുക. അതിനു ശേഷം ഒരു കപ്പ്‌ ഗോതമ്പുപൊടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അൽപ്പം വെള്ളം ചേർത്ത് കുഴച്ചു എടുക്കുക. നല്ല കട്ടിയിൽ മാവ് റെഡി ആക്കി എടുക്കണം. ഇനി ഒരു മണിക്കൂർ അടച്ചു മാറ്റി വക്കണം. നേരം ഉണ്ടെങ്കിൽ മാത്രം മാറ്റി വച്ചാൽ മതി കേട്ടോ. തിരക്കുള്ള സമയമാണെങ്കിൽ അപ്പോൾ തന്നെ തയ്യാറാക്കി എടുക്കാം.

ഇനി നമുക്ക് വട പൊരിച്ചു എടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി മാവിൽ നിന്ന് അൽപ്പം എടുത്തു കയ്യിൽ വച്ചു വടയുടെ ഷേപ്പിൽ ആക്കി ചൂടായ എണ്ണയിലേക്ക് ചേർത്ത് വറുത്തു കോരുക. കയ്യിൽ അൽപ്പം വെള്ളം നനച്ചു വേണം മാവ് എടുക്കാൻ. അല്ലെങ്കിൽ ഒട്ടിപിടിക്കും. ചെറിയ ചൂടിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരുക. ബാക്കി വരുന്ന എല്ലാ മാവിൽ നിന്നും ഇങ്ങിനെ വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി ഗോതമ്പു വട റെഡി… !! നല്ല തേങ്ങാ ചട്നിയും, ചായയും കൂടി ഉണ്ടെങ്കിൽ ഉഷാറായി കഴിക്കാം.

Thanath Ruchi

Similar Posts