|

ചപ്പാത്തിക്കും, ചോറിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന അടിപൊളി മുട്ടക്കറി

അസാധ്യ ടേസ്റ്റിൽ ഉള്ള ഒരു അടിപൊളി ഈസി മുട്ടക്കറി ആണ് ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. ചപ്പാത്തിക്കും, അപ്പത്തിനും, ചോറിനും, നൂൽപുട്ടിനും, പുട്ടിനും ഒരുപോലെ ഈ കറി സൂപ്പർ കോമ്പിനേഷൻ ആണ്. അപ്പോൾ എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട കഴുകി പുഴുങ്ങി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞു രണ്ടായി കട്ട്‌ ചെയ്തു വക്കണം. ഇനി രണ്ടു ഉരുളൻകിഴങ്ങ്, ഒരു സവാള എന്നിവ തോൽ കളഞ്ഞു ചെറുതായി മുറിച്ചു എടുക്കണം. അതിനുശേഷം ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്തു ത൭ നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർക്കണം. ഇനി അര മുറി തേങ്ങയുടെ പാൽ രണ്ടു ഗ്ലാസ് വെള്ളം ചേർത്ത് പിഴിഞ്ഞത് ചേർത്ത് തിളപ്പിക്കുക. ഇനി പാകത്തിന് ഉപ്പ് ചേർക്കണം.

ഇനി വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങൾ ചേർത്ത് നന്നായി തിളപ്പിക്കണം. ( ചോറിലേക്ക് ഉള്ള കറി ആണെങ്കിൽ ഈ സമയത്ത് അൽപ്പം പുളി പിഴിഞ്ഞ് ചേർക്കുക. അല്ലെങ്കിൽ പുളി ചേർക്കേണ്ട ആവശ്യം ഇല്ല. ) ഇനി കറി നന്നായി തിളച്ചു വന്നാൽ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കണം. ( ചെറിയ ചൂടിൽ തിളപ്പിച്ചാൽ മതി. ) മുട്ടയിലേക്ക് മസാല എല്ലാം പിടിച്ചാൽ ത൭ ഓഫ്‌ ചെയ്യുക.

ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടാം. ആദ്യം ഒരു പാൻ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അഞ്ചോ ആറോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നല്ലത് പോലെ ഗോൾഡൻ ബ്രൗൺ നിറം ആക്കുന്നത് വരെ വഴറ്റി കറിയിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി മുട്ടക്കറി റെഡി… !!!

Thanath Ruchi

Similar Posts