പരിപ്പ് വടയുടെ ടേസ്റ്റിൽ ചെറുപയർ കൊണ്ട് വട തയാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ… സൂപ്പർ ടേസ്റ്റ് ആണ്

ചെറുപയർ കൊണ്ട് വട തയ്യാറാക്കി എടുക്കുമ്പോൾ ഉൾഭാഗത്തു നല്ല പച്ച കളർ ആയിരിക്കും. അതുകൊണ്ട് നല്ല ഭംഗിയാണ് ഇത് കാണാൻ. ഇനി ഇതു കഴിക്കാനോ അടിപൊളി ടേസ്റ്റ് ആണ്. നമ്മൾ പറയാതെ ആർക്കും ഇതെന്താണെന്ന് കണ്ടു പിടിക്കാനേ പറ്റത്തില്ല…. അപ്പോൾ എങ്ങിനെ ആണ് ചെറുപയർ വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ചെറുപയർ നന്നായി കഴുകി വെള്ളം ഒഴിച്ച് കുതിരാൻ വേണ്ടി വക്കണം. ആറു മണിക്കൂർ കുതിർന്നു കിട്ടണം. ഇനി വെള്ളമെല്ലാം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാറിൽ ഇട്ടു ഒന്നു അരച്ചു എടുക്കണം. അരച്ചു എടുക്കണം എന്നു പറയുമ്പോൾ പേസ്റ്റ് പോലെ അരയരുത്. ചെറുതായി അരച്ചു എടുത്താൽ മതി. ഇനി അതൊരു ബൗളിലേക്ക് മാറ്റുക.

ഇനി പത്തു ചെറിയ ഉള്ളി, നാലു പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു എടുക്കുക. അതിനു ശേഷം പയറിലേക്ക് ചേർക്കുക. ഇനി ഒരു സ്പൂൺ പെരുംജീരകം, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായംപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. കൈ കൊണ്ട് തന്നെ നന്നായി മിക്സ്‌ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഉള്ള ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കുക. ഇനി കുറച്ചു മാവ് എടുത്തു ഒന്നു പരത്തി എണ്ണയിലേക്ക് ചേർക്കുക. വളരെ കനം കുറച്ചു തയ്യാറാക്കുന്നതാണ് നല്ലത്. കട്ടി കൂടിയാൽ ഉൾഭാഗം വെന്തു കിട്ടാൻ കുറച്ചു പാടാണ്. പരിപ്പുവട തയ്യാറാക്കി എടുക്കുന്നത് പോലെ പരത്തി എടുത്താൽ മതി. നല്ല ബ്രൗൺ നിറം ആയാൽ വാങ്ങി വക്കാം. എണ്ണയിലേക്ക് മാവ് ചേർക്കുമ്പോൾ നല്ല ചൂട് ഉണ്ടാകണം. ഇട്ട ശേഷം ചൂട് നന്നായി കുറച്ചു വക്കണം. അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകും. ഇങ്ങിനെ ബാക്കി ഉള്ളത് മുഴുവൻ വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചെറുപയർ വട” റെഡി… !! നല്ല ടൊമാറ്റോ സോസ് കൂട്ടി കഴിച്ചാൽ അടിപൊളി ടേസ്റ്റ് ആണ് മക്കളെ.

Thanath Ruchi

Similar Posts