അരി കുതിർക്കേണ്ട.. അരക്കേണ്ട.. അടിപൊളി ഓട്സ് ദോശ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
ഇനി ബ്രേക്ക് ഫാസ്റ്റിനും, ഡിന്നറിനും ഈ ഒരു ഐറ്റം മതി. ഓട്സ് ദോശ എല്ലാപ്രായക്കാർക്കും വളരെ നല്ലതാണ്. അതിന്റെ ടേസ്റ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ എങ്ങിനെ ആണ് നല്ല ടേസ്റ്റി ആയി ഓട്സ് ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം നമുക്ക് ഒരു കപ്പ് ഓട്സ് പൊടിച്ചു എടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ഇനി അതിലേക്ക് അര കപ്പ് ഗോതമ്പു പൊടി, ഒരു ചെറിയ സവാള കഷണങ്ങൾ ആക്കിയത്, കുറച്ചു മല്ലിയില, ഒരു ചെറിയ തക്കാളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു പച്ചമുളക്, ഒരു കാരറ്റ് മുറിച്ചത്, അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി അരച്ചു എടുക്കുക. നന്നായി അരച്ചു എടുക്കേണ്ട ആവശ്യം ഇല്ല. അരക്കുമ്പോൾ പാകത്തിന് വെള്ളം ചേർക്കുക. നല്ല ലൂസ് ആയി പോകരുത്. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം. നമുക്ക് ലഭ്യമാകുന്ന എന്തു പച്ചക്കറിയും നമുക്ക് ഈ ദോശയിൽ ചേർക്കാവുന്നതാണ്.
ഇനി ഒരു ദോശ പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക. പരത്തി എടുക്കേണ്ട ആവശ്യം ഇല്ല. ഇനി അൽപ്പം ഓയിൽ അല്ലെങ്കിൽ നെയ്യ് തടവുക. ഒരു സൈഡ് പാകം ആയാൽ മറിച് ഇട്ടു കൊടുക്കുക. അതിനു ശേഷം വാങ്ങി വക്കണം. ഈ രീതിയിൽ എല്ലാ ദോശയും ചുട്ടു എടുക്കുക. മാവ് കോരി ഒഴിച്ചു കഴിഞ്ഞാൽ മീഡിയം ഫ്‌ളൈമിൽ ഇട്ടു വേവിക്കുക. അല്ലെങ്കിൽ പുറമെ പെട്ടെന്ന് കരിയും ഉൾഭാഗം വെന്തിട്ടുമുണ്ടാകില്ല. ഇപ്പോൾ നമ്മുടെ അടിപൊളി ഓട്സ് ദോശ റെഡി! തേങ്ങാ ചട്ണിയോ, തക്കാളി ചട്ണിയോ കൂട്ടി കഴിക്കാൻ അടിപൊളി കോമ്പിനേഷൻ ആണ്.
