ഒരു ഈസി ചെമ്മീൻ കറി റെഡി ആക്കി എടുക്കൂ നിമിഷ നേരം കൊണ്ട്
ചെമ്മീൻ വൃത്തിയാക്കി എടുക്കേണ്ട താമസം മാത്രമേ ഉള്ളൂ. ഈ കറി റെഡി ആക്കാൻ വളരെ എളുപ്പം. ചെമ്മീൻ കിട്ടിയാൽ എന്നും ഒരേ രീതിയിൽ തയ്യാറാക്കി കഴിച്ചു മടുത്തോ.. എങ്കിൽ തയ്യാറാക്കി നോക്കാൻ പറ്റുന്ന ഒരു ഈസി ഡിഷ് ആണിത്. അധികം എരിവ് ചേർക്കാതെ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. അപ്പോൾ ഈ ഡിഷ് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അര കിലോ ചെമ്മീൻ തോലും, നാരും കളഞ്ഞു നന്നായി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കുക. ചെമ്മീനിനു പുറത്തുള്ള നാര് എടുത്തു നീക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും, മൂന്നു അല്ലി വെളുത്തുള്ളിയും കൂടി ചെറുതായി ചതച്ചു ചേർക്കുക.
ഇനി നാലു പച്ചമുളക് കീറിയതും, ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. സവാള വാടി വന്നാൽ അതിലേക്ക് രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാളയും തക്കാളിയും നന്നായി വഴന്നു വന്നാൽ അതിലേക്ക് അര സ്പൂൺ ഉലുവപ്പൊടിയും, കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്തു ചൂട് നന്നായി കുറച്ചു വക്കണം. ഇനി അതിലേക്ക് അൽപ്പം കറിവേപ്പില കൂടി ചേർത്ത് വഴറ്റുക.
അതിനു ശേഷം രണ്ടു കപ്പ് കട്ടി തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കുക. ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വേവിക്കുക. ആറോ, എട്ടോ മിനിറ്റ് തിളച്ചാൽ മതിയാകും. ഇനി ഒരു സ്പൂൺ കുരുമുളക് പൊടി ചേർക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. പുളി കൂടുതൽ ആവശ്യമാണെങ്കിൽ അൽപ്പം നാരങ്ങനീര് ചേർക്കാം. ഇനി അൽപ്പം കൂടി കറിവേപ്പില ചേർത്ത് അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഈസി ചെമ്മീൻ കറി” റെഡി… !! ചപ്പാത്തി, പത്തിരി, അപ്പം, കൂടാതെ ചോറിന്റെ കൂടെ വരെ നമുക്ക് ഈ കറി സൂപ്പർ കോമ്പിനേഷൻ ആണ്.
