മത്തങ്ങാ കൊണ്ട് ഒരു അടിപൊളി മസാല കറി, ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുത്തൻ രുചിക്കൂട്ട്
ഈ മസാലക്കറി വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാൻ പറ്റും. ചപ്പാത്തി, പത്തിരി, അപ്പം ഇങ്ങിനെ ഏതു പലഹാരത്തിലേക്കും ഈ കറി സൂപ്പർ കോമ്പിനേഷൻ ആണ്. അപ്പോൾ ഈ കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം.
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക. നന്നായി വഴറ്റുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, നാലു വെളുത്തുള്ളി അരിഞ്ഞതും രണ്ടു പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അൽപ്പം മല്ലിയില കൂടി ചേർത്ത് വാങ്ങി വക്കണം. ഈ കൂട്ട് നന്നായി ചൂടാറിയ ശേഷം അരച്ചു എടുക്കുക. ഇനി നമുക്ക് പച്ചക്കറികൾ ആവിയിൽ വേവിച്ചു എടുക്കണം. ആദ്യം ഒരു കപ്പ് മത്തങ്ങാ ചെറിയ കഷണങ്ങൾ ആക്കിയത്, ഒരു കപ്പ് കാരറ്റ്, ഒരു കപ്പ് കോളിഫ്ലവർ ഇവയെല്ലാം ചെറിയ കഷണങ്ങൾ ആക്കിയ ശേഷം നന്നായി കഴുകി എടുക്കുക. അതിനു ശേഷം ആവിയിൽ വേവിച്ചു വക്കണം.
ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി നമ്മൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റുക. ചൂട് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അതിലേക്ക് ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് അൽപ്പനേരം വഴറ്റുക. ഇനി വേവിച്ചു വച്ചിരിക്കുന്ന അര കപ്പ് ഗ്രീൻപീസ് ചേർക്കുക. നന്നായി വഴറ്റിയ ശേഷം രണ്ടു കപ്പ് കട്ടി തേങ്ങാപാൽ ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുതേ. ഇനി നന്നായി മിക്സ് ചെയ്യുക. കറി തിളച്ചു വന്നാൽ അൽപ്പം മല്ലിയില തൂവി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി മസാലക്കറി റെഡി.
