വളരെ എളുപ്പത്തിൽ ബട്ടർ നാൻ തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ ആണെന്ന് നോക്കൂ
അതെ, ഇനി നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ബട്ടർ നാൻ തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ ഐറ്റം ചിക്കൻ കറിയുടെ കൂടെയും, പനീർ കറിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബട്ടർ നാൻ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ, കാൽ സ്പൂൺ ബേക്കിംഗ് സോഡാ കാൽ കപ്പ് നല്ല കട്ട തൈര്, പാകത്തിന് ഉപ്പ്, രണ്ടു സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം അല്പാല്പം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. നല്ലത് പോലെ കുഴച്ചു മയം വരുത്തി എടുക്കണം. അതിനു ശേഷം മുകളിൽ അൽപ്പം കൂടി ഓയിൽ തടവുക. ഇനി ഒരു നനഞ്ഞ തുണി മുകളിൽ ഇട്ടു പൊതിഞ്ഞു വക്കണം. രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ അനുവദിക്കണം.
ഇനി അൽപ്പം ബട്ടർ ഉരുക്കി വക്കുക. അതിലേക്ക് അൽപ്പം മല്ലിയില ചെറുതായി മുറിച്ചു ചേർക്കണം. ഒരു നുള്ള് കസൂരി മേത്തി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കണം. ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവ് ഒന്നുകൂടി നല്ലത് പോലെ കുഴച്ചു എടുക്കുക. ഇനി ബോൾസ് തയ്യാറാക്കി എടുക്കുക. ചപ്പാത്തിക്ക് തയ്യാറാക്കി എടുക്കുന്ന ബോളിനെക്കാൾ വലുപ്പത്തിൽ തയ്യാറാക്കി എടുക്കുക. ഇനി നാൻ പരത്തി എടുക്കണം. നാൻ വട്ടത്തിൽ അല്ല നമ്മൾ പരത്തി എടുക്കേണ്ടത്.
ഓവൽ ഷേപ്പിൽ പരത്തി എടുത്താൽ മതി. ഇനി നാനിന്റെ ഒരു സൈഡിൽ അൽപ്പം വെള്ളം പുരട്ടുക. ഇനി വെള്ളം പുരട്ടിയ ഭാഗം ഒരു പാൻ ചൂടാക്കി അതിൽ ഇട്ടു കൊടുക്കണം. ഇനി പാൻ തിരിച്ചും തീയിൽ കാണിക്കുക. നല്ലത് പോലെ പൊള്ളി വരുന്നത് കാണാം. ഇനി വാങ്ങി അൽപ്പം ബട്ടർ മുകളിൽ തൂവുക. ഇതുപോലെ എല്ലാ നാനും റെഡി ആക്കി എടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബട്ടർ നാൻ” റെഡി… !!
