കിടിലൻ ടേസ്റ്റ് ഉള്ള കൂൺ മസാല കറി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ചപ്പാത്തിക്ക് പറ്റിയ ഒരു ഉഗ്രൻ കറി ആണിത്. വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഈ കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു പച്ചമുളക് അരിഞ്ഞത്, നാലു വെളുത്തുള്ളി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർക്കുക. ഇനി പത്തു അണ്ടിപ്പരിപ്പ് കൂടി ചേർത്ത് നന്നായി വഴറ്റുക. തക്കാളി നല്ലത് പോലെ ഉടഞ്ഞു വരണം. അതാണ് പാകം. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഈ കൂട്ട് നല്ലത് പോലെ ചൂടാറിയ ശേഷം അരച്ചു എടുക്കുക.

ഇനി അതെ പാനിൽ മൂന്നു സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ഇനി കാൽ സ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ഇനി ഒന്നര സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഈ സമയത്തു ചൂട് നല്ലത് പോലെ കുറച്ചു വക്കണം. ഇനി അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന സവാള മിക്സ്‌ ചേർത്ത് നന്നായി വഴറ്റുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. എണ്ണ നന്നായി തെളിഞ്ഞു വരണം.

ഇനി ഇരുന്നൂറു ഗ്രാം കൂൺ അൽപ്പം ചൂടുവെള്ളത്തിൽ മഞ്ഞൾപൊടി ചേർത്ത് ഇട്ടു വക്കണം. അതിനു ശേഷം പല തവണ കഴുകി എടുക്കുക. ഇനി കനം കുറച്ചു അരിഞ്ഞു എടുക്കുക. ഈ കൂൺ നമ്മൾ വഴറ്റി കൊണ്ടിരിക്കുന്ന മസാലയിലേക്ക് ചേർത്ത് നന്നായി വഴറ്റുക. ഇനി പാകത്തിന് ചൂടുവെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അടച്ചു വച്ചു വേവിക്കുക. കൂൺ വെന്തു വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അര കപ്പ്‌ ഗ്രീൻ പീസ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കറി നല്ലത് പോലെ കുറുകി വന്നാൽ അതിലേക്ക് അര സ്പൂൺ ഗരം മസാല ചേർക്കുക. ഇനി അൽപ്പം മല്ലിയിലയും, ഒരു സ്പൂൺ കസൂരി മേത്തിയും കൂടി ചേർത്ത് വാങ്ങി വക്കണം. ഈ കറി അൽപ്പം കുറുകിയാണ് ഇരിക്കേണ്ടത്. ഇപ്പോൾ നമ്മുടെ അടിപൊളി “കൂൺ മസാല കറി” റെഡി… !!!

Thanath Ruchi

Similar Posts