റേഷൻ അരി കൊണ്ട് ഉഗ്രൻ ടേസ്റ്റ് ഉള്ള നെയ്യ് ചോറ് തയ്യാറാക്കി എടുക്കാം ഞൊടിയിടയിൽ
ഇനി വലിയ വില കൊടുത്ത് നെയ്‌ച്ചോറിന് അരിയൊന്നും വാങ്ങിക്കേണ്ട ആവശ്യമേ ഇല്ല. എല്ലാവരുടെയും വീട്ടിൽ ഉള്ള റേഷൻ അരി കൊണ്ട് അടിപൊളിയായി നെയ്‌ച്ചോർ റെഡി ആക്കി എടുക്കാവുന്നതേ ഉള്ളൂ. അതും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് നെയ്യ്‌ച്ചോർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് രണ്ടു സ്പൂൺ നെയ്യും, രണ്ടു സ്പൂൺ ഓയിലും ചേർക്കുക. അല്ലെങ്കിൽ നെയ്യ് മാത്രം ചേർത്താലും മതി. നെയ്യ് ചൂടായി വന്നാൽ അതിലേക്ക് ആദ്യം ഒരു പിടി അണ്ടിപരിപ്പും, മുന്തിരിയും ഇട്ടു വറുത്തു കോരി എടുക്കുക. അതിനു ശേഷം ഒരു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് ചെറിയ ചൂടിൽ വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരി മാറ്റി വക്കണം. ഇതെല്ലാം നമുക്ക് അവസാനം അലങ്കരിക്കാൻ ആവശ്യത്തിന് ഉള്ളതാണ്. രണ്ടു കപ്പ് റേഷൻ അരി വൃത്തിയായി ചൂടുവെള്ളത്തിൽ കഴുകി എടുക്കുക. അതിനു ശേഷം അര മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു വക്കണം.
ഇനി ചുവട് കട്ടിയുള്ള പാത്രത്തിൽ അൽപ്പം കൂടി നെയ്യ് ചേർത്ത് അതിലേക്ക് ഒരു കഷ്ണം പട്ട, നാലു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർക്കുക. ഇനി അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി രണ്ടു കാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അടുത്തതായി കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. അതിനു ശേഷം മൂന്നു കപ്പ് ചൂടുവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി അടച്ചു വച്ചു വേവിക്കുക. ചെറിയ ചൂടിൽ വേവിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം വറ്റി വന്നാൽ വാങ്ങി വക്കണം. അതിനു ശേഷം നമ്മൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും, മുന്തിരിയും, സവാളയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “നെയ്യ്ചോർ” റെഡി… !! ഏതു ഇറച്ചിക്കറിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.
