ചോളപ്പൊടി കൊണ്ട് പണ്ട് സ്കൂളിൽ നിന്ന് കിട്ടിയിരുന്ന അതെ രുചിയിൽ ഉപ്പുമാവ് റെഡി ആക്കി എടുക്കാം
പണ്ടൊക്കെ സ്കൂളിൽ നിന്ന് കിട്ടിയിരുന്ന മഞ്ഞ കളറിൽ ഉള്ള ഉപ്പുമാവ് ആലോചിച്ചാൽ തന്നെ വായിൽ വെള്ളം വരും. അതിനൊരു പ്രത്യേക സ്വാദും, മണവും ആയിരുന്നു. അല്ലേ. ഇത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റും. അപ്പോൾ ചോളപ്പൊടി ഉപയോഗിച്ച് എങ്ങിനെ ആണ് ഉപ്പുമാവ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു കപ്പ് ചോളപ്പൊടിയിലേക്ക് അര മുറി തേങ്ങ ചിരകിയതും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കണം. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി ഇളക്കുക. പച്ചക്കറികൾ ചേർക്കുന്നത് ഇഷ്ടമാണ് എങ്കിൽ ഈ സമയത്ത് ചേർത്ത് നന്നായി വഴറ്റി എടുക്കണം. ഇനി അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക.
വെള്ളം നന്നായി തിളച്ചു വന്നാൽ അതിലേക്ക് തേങ്ങ ചേർത്ത് തിരുമ്മി വച്ചിരിക്കുന്ന ചോളപ്പൊടി കുറേശ്ശേ ആയി ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്തു എടുക്കണം. ആദ്യം കട്ട പിടിക്കുന്നത് പോലെ തോന്നും. പക്ഷെ അത് വെന്തു വരുന്നത് അനുസരിച്ചു നല്ലപോലെ പൊടിയായി വരും. ഇനി ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറുന്നത് വരെ നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക. നന്നായി കട്ടകൾ ഉടച്ചു കൊണ്ടിരിക്കണം. അവസാനം നമുക്ക് സ്കൂളിൽ നിന്നും കിട്ടിയിരുന്ന അതെ രുചിയുള്ള ഉപ്പുമാവ് നമുക്ക് കിട്ടും. ഇപ്പോൾ നമ്മുടെ അടിപൊളി “മഞ്ഞ ഉപ്പുമാവ്” റെഡി… !!!
https://www.youtube.com/watch?v=eCixc5LbPrg
