നല്ല നാടൻ രുചിയിൽ തുളസി രസം റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
ജലദോഷം, പനി ഒക്കെ വരുന്ന സമയങ്ങളിൽ തുളസി രസം കുടിക്കാൻ വളരെ നല്ലതാണ്. ചോറിലേക്ക് ചേർത്ത് കഴിക്കുന്നതിനേക്കാൾ വെറുതെ കുടിക്കാനാണ് തുളസി രസം ബെസ്റ്റ്. ഇതു തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. കുട്ടികൾക്കും, മുതിർന്നവർക്കും ഈ രസം എന്തായാലും ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് തുളസി രസം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു സ്പൂൺ കുരുമുളക്, ഒരു സ്പൂൺ ചെറിയ ജീരകം, രണ്ടു സ്പൂൺ തുവര പരിപ്പ്, ഒരു സ്പൂൺ മല്ലി എന്നിവ അൽപ്പം വെള്ളത്തിൽ ഇട്ട് കുതിർത്തു വക്കണം. അതിനു ശേഷം നന്നായി അരച്ചു എടുക്കണം. ഇനി ഒരു പാത്രത്തിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞു ചേർക്കുക. രണ്ടു കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർക്കണം. ഇനി അതിലേക്ക് അര സ്പൂൺ കായം പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് നമ്മൾ ആദ്യം അരച്ചു വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി തിളപ്പിക്കണം.
നന്നായി തിളച്ചു വന്നാൽ അതിലേക്ക് ഒരു കപ്പ് തുളസിയില വൃത്തിയായി കഴുകി അരച്ചത് ചേർത്ത് കൊടുക്കുക. ഇനി ചൂട് കുറച്ചു വക്കണം. രണ്ടു മിനിറ്റ് കൂടി ചൂടായാൽ വാങ്ങി വക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. രണ്ടു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് രസത്തിലേക്ക് ചേർത്താൽ വാങ്ങി വക്കണം. ഇനി ചൂടോടെ തന്നെ ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “തുളസി രസം” റെഡി…. !!! ജലദോഷക്കാർക്ക് ഈ രസം കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.
