റെസ്റ്റോറന്റ് സ്റ്റൈലിൽ അടിപൊളി ഗാർലിക് ചിക്കൻ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഗാർലിക് ചിക്കൻ തയ്യാറാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നോ… അതെ.. വരൂ.. നമുക്കൊരുമിച്ചു ഗാർലിക് ചിക്കൻ തയ്യാറാക്കി എടുക്കാം. ആദ്യം അര കിലോ എല്ലില്ലാത്ത ചിക്കൻ നല്ല വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം വെള്ളം ഊറ്റി വക്കുക.

ഇനി ഒരു ബൗളിലേക്ക് രണ്ടു സ്പൂൺ കോൺ ഫ്ലോർ, രണ്ടു സ്പൂൺ മൈദ, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര സ്പൂൺ സോയ സോസ്, ഒരു സ്പൂൺ നാരങ്ങ നീര്, ഒരു സ്പൂൺ കുരുമുളക്പൊടി, ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ചിക്കനിലേക്ക് നന്നായി മസാല തേച്ചു പിടിപ്പിക്കുക. ഇനി അര മണിക്കൂർ അടച്ചു റെസ്റ് ചെയ്യാൻ വേണ്ടി വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി മൂന്നു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഓരോരോ ചിക്കൻ പീസ് വച്ചു തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കുക. ( മുക്കി പൊരിക്കേണ്ട ആവശ്യം ഇല്ല. )എല്ലാം ഇങ്ങിനെ വറുത്തു കോരുക. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ സൺഫ്ലവർ ഓയിൽ ചേർക്കുക. അതിലേക്ക് രണ്ടര സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്നു വഴറ്റുക. ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ( നിറം മാറേണ്ട ആവശ്യം ഇല്ല. ) ഇനി ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞത്, നാലു പച്ചമുളക് കീറിയത് എന്നിവ ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ടു സ്പൂൺ സോയ സോസ്, രണ്ടു സ്പൂൺ ടൊമാറ്റോ സോസ്, അര സ്പൂൺ ചില്ലി സോസ് എന്നിവ ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അര കപ്പ് വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കണം. ഇനി അതിലേക്ക് ഒന്നര സ്പൂൺ കോൺ ഫ്ലോർ മൂന്നു സ്പൂൺ വെള്ളത്തിൽ കലക്കി മസാലയിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചൂട് നന്നായി കുറച്ചു വക്കണം. അല്ലെങ്കിൽ പെട്ടന്ന് കുറുകി പോകും. ഈ സമയത്ത് ഒരു ക്യാപ്‌സികം ചതുരത്തിൽ കട്ട്‌ ചെയ്തു ചേർക്കുക. അൽപ്പം സ്പ്രിംഗ് ഒണിയൻ കൂടി കട്ട്‌ ചെയ്തു ചേർക്കുക. ഇനി നന്നായി മിക്സ്‌ ചെയ്യണം. അവസാനം ഒരു സ്പൂൺ നല്ലെണ്ണ കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “റെസ്റ്റോറന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ” റെഡി.

Thanath Ruchi

Similar Posts