ഈ ഓണത്തിന് നമുക്ക് പഴം വച്ചൊരു പഴം പ്രഥമൻ തയ്യാറാക്കി കഴിക്കാം, ഇതൊക്കെ ഇത്ര ഈസി ആണോ

ഈ ഓണത്തിന് നമുക്ക് പഴം വച്ചൊരു പഴം പ്രഥമൻ തയ്യാറാക്കി കഴിക്കാം.

ഓണക്കാലമായതുകൊണ്ട് തന്നെ നേന്ത്രപ്പഴം ഒക്കെ വീടുകളിൽ സജീവമായിരിക്കും, കൂടാതെ ഇപ്പോൾ വിലക്കുറവും ആണ്, ആയതിനാൽ എളുപ്പം ഒരു പഴം പ്രഥമം തയ്യാറാക്കി എടുക്കാം. ഇതിനായി നല്ലപോലെ പഴുത്ത പഴം എടുക്കണം, പഴം കറുത്തത് ആയാലും കുഴപ്പമൊന്നുമില്ല അതും ഈ പഴം പ്രഥമൻ ഉണ്ടാക്കുവാൻ ഏറ്റവും ഉത്തമം ആയിരിക്കും.

അപ്പോൾ 3 നല്ലപോലെ മീഡിയം സൈസ് പഴുത്ത നേന്ത്രപ്പഴം ചെറുതായി നുറുക്കി ഒരു സോസ് പാനിൽ ഇട്ടുകൊടുക്കാം, എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് ഇതൊന്ന് മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് മൂടിവെച്ച് ചെറുതീയിൽ വേവിച്ചെടുക്കണം, അഞ്ച് മിനിറ്റിനുശേഷം പഴം നല്ലപോലെ വെന്തിട്ടുണ്ടാകും അതിനുശേഷം 250 ഗ്രാം ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കാൽകപ്പ് വെള്ളം ഒഴിച്ച് ശർക്കരപ്പാനി തയാറാക്കി എടുക്കണം, പാനി തിളച്ച് പതഞ്ഞുവരുമ്പോൾ തീ ഓഫ് ചെയ്യാം, എന്നിട്ട് അത് അരിച്ചുമാറ്റി വയ്ക്കാവുന്നതാണ്.

എന്നിട്ട് നേരത്തെ പഴം വേവിച്ചത് ഒന്ന് ചൂടാറി കഴിഞ്ഞാൽ വെള്ളത്തോടൊപ്പം തന്നെ മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം, എന്നിട്ട് നല്ല പേസ്റ്റ് പോലെ ഇവ അരച്ചെടുക്കുക, നിങ്ങൾക്കിനി പായസത്തിൽ പഴം കടിക്കാൻ താല്പര്യമുണ്ടെങ്കിൽ അത്ര പേസ്റ്റാക്കി അരച്ചെടുക്കണം എന്നില്ല.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന പഴവും, ശർക്കര പാനിയും ചേർത്ത് കൊടുക്കാം എന്നിട്ട് മീഡിയം ഫ്ലെയിമിൽ തീ ഓൺ ആക്കി കുറുകി വരുന്നതുവരെ കൈവിടാതെ ഇളക്കി, പായസത്തിലെ വെള്ളമെല്ലാം വറ്റി ബബിൾസ് ഒക്കെ വരുന്ന സമയം ആകും, അപ്പോൾ രണ്ട് കപ്പ് രണ്ടാം പാൽ ഒഴിച്ചുകൊടുക്കണം എന്നിട്ട് വീണ്ടും ഇളക്കി നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഏലക്കായയും പഞ്ചസാരയും കൂടി പൊടിച്ചതും, ഒരു ടീസ്പൂൺ ചുക്കുപൊടി കൂടി ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് അത് കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം പാൽ ഒരു കപ്പ് ചേർത്ത് ഒന്നും മിക്സ് ചെയ്യാം.

ഒന്നാംപാൽ ചേർത്തതിനുശേഷം ഒരിക്കലും തിളപ്പിക്കാൻ പാടില്ല, അതിലേക്ക് ഒരു കാൽ ടീസ്പൂൺ ചുക്കുപോടി കൂടി ചേർത്ത് ഇളക്കി ചൂടായി വരുമ്പോൾ തന്നെ തീ ഓഫ് ചെയ്യാവുന്നതാണ്. ശേഷം അതിലേക്ക് നെയ്യിൽ വറുത്ത നാളികേരകൊത്തും, അണ്ടിപ്പരിപ്പും, ഉണക്ക മുന്തിരിയും നെയ്യോട് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അപ്പൊൾ നല്ല അടിപൊളി സ്വാദോടെ കൂടിയുള്ള പഴം പ്രഥമം തയ്യാറാക്കും.