ബാക്കറിയിലെല്ലാം സുലഭമായി ലഭിക്കുന്ന ഓവൻ ഒന്നുമില്ലാതെ തേങ്ങാ ബൺ സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം

ബാക്കറിയിലെല്ലാം സുലഭമായി ലഭിക്കുന്ന ഓവൻ ഒന്നുമില്ലാതെ തേങ്ങാ ബൺ സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് കാൽ കപ്പ് ഇളംചൂടുള്ള പാല്, ഒരു ടീസ്പൂൺ യീസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു 10 മിനിറ്റ് അടച്ചു വയ്ക്കാം.

എന്നിട്ട് ഒരു ബൗളിലേക്ക് ഒന്നേ മുക്കാൽ കപ്പ് മൈദ, കാൽ ടീസ്പൂൺ ഉപ്പ്, രണ്ട്-മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ ഓയിൽ, ഒരു മുട്ട, 10 മിനിറ്റ് കഴിഞ്ഞു കലക്കി വച്ചിരിക്കുന്ന യീസ്റ്റ് ചേർത്ത് നല്ലപോലെ കൈ വച്ച് കുഴച്ച് എടുക്കാം, (കുഴക്കുമ്പോൾ ലൂസ് ആണെന്ന് തോന്നുകയാണെങ്കിൽ മൈദയും, അഥവാ ഡ്രൈ ആയി തോന്നുകയാണേൽ ഇളംചൂടുള്ള പാലും ചേർത്ത് മിക്സ് ആക്കാം). മാവ് തൊട്ടാൽ കുഴിഞ്ഞുപോകുന്ന രീതിയിൽ കുഴച്ചു സോഫ്റ്റ് ആക്കി എടുക്കണം. ശേഷം അതൊരു വലിയ ഉരുള ആക്കി ചുറ്റിനും ഓയിൽ തേച്ചു ഒപ്പം ബൗളിലും ഓയിൽ തടവി അത് നനഞ്ഞ തുണി/ഫിലിം പേപ്പർ കൊണ്ട് മൂടി രണ്ടു-രണ്ടര മണിക്കൂർ മാവ് പൊങ്ങാൻ വെക്കാം.

ഈ സമയം അതിൽ നിറക്കുവാനുള്ള ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മുക്കാൽകപ്പ് നാളികേരം ചിരവിയതും അൽപ്പം ടൂട്ടി ഫ്രൂട്ടി/ഉണക്കമുന്തിരി/അണ്ടിപ്പരിപ്പ് അങ്ങനെ ഇഷ്ടമുള്ളത് ചേർത്ത് നാളികേരം കളർ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു 1 മിനിറ്റ് റോസ്റ് ചെയ്യാം, പിന്നെ അതിലേക്ക് രണ്ടുതുള്ളി ഫുഡ് കളർ താല്പര്യമുണ്ടെങ്കിൽ ചേർക്കാം, പിന്നെ പഞ്ചസാരയ്ക്ക് പകരം തേങ്ങ ചൂടായി കഴിയുമ്പോൾ അല്പം ജാം ചേർത്ത് മിക്സ് ചെയ്യുകയാണെങ്കിൽ കളറും മധുരവുമായി ഒക്കെ ലഭിക്കുന്നതാണ്, അതിനുശേഷം അതൊന്ന് ഇട്ട് മിക്സ് ചെയ്ത് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

പിന്നെ രണ്ട് മണിക്കൂറിനുശേഷം മാവ് പൊങ്ങി വന്നത് ഒന്നുകൂടി കുഴച്ചു അത് രണ്ടായി മുറിച്ചതിനുശേഷം ട്രേ പോലത്തെ ഒരു സ്റ്റീൽ പ്ലേറ്റിൽ നെയ്യ് അല്ലെങ്കിൽ ബട്ടർ തടവി മാവിൻറെ ആദ്യപകുതി ഉരുളയാക്കി ട്രേയിൽ വച്ച് കൈവച്ച് വട്ടത്തിൽ ഇത്തിരി കട്ടിയിൽ തന്നെ പരത്തി അതിന് മുകളിലായി ഫില്ലിങ് നിറച്ചു വെച്ചു കൊടുക്കാം. ഫില്ലിംഗ് അരികു വശങ്ങളിലായി വെക്കരുത് അത് ഒട്ടിക്കാൻ ബുദ്ധിമുട്ടാകും.

ഇനി ബാക്കി പകുതി മാവ് ഇത്പോലെ തന്നെ നെയ്യ്/ ബട്ടർ തടവിയ പാത്രത്തിൽ കൈവെച്ച് അതെ അളവിലും കട്ടിയിലും പരത്തി അത് നേരത്തെ പരത്തിയതിനു മുകളിലായി വച്ച് അരികുവശങ്ങളിൽ അമർത്തി ഒട്ടിക്കാവുന്നതാണ്. എന്നിട്ട് അതൊരു നനഞ്ഞ് ടവൽ കൊണ്ട് മൂടി 10-15 മിനിറ്റ് വരെ വയ്ക്കാം.

ഈ സമയം ഒരു പരന്ന വലിയ പാൻ അടുപ്പത്തുവച്ച് മീഡിയം തീയിൽ 10 മിനിറ്റ് ചൂടാക്കാം, ചൂടാക്കാൻ വെച്ച പാനിലേക്ക് ഒരു തട്ട് ഇറക്കിവെച്ച് അതിനുമുകളിലായി സ്റ്റീൽ ട്രേ വച്ചുകൊടുത്തു അതിനുമുകളിലായി ഒരു മുട്ടയിലേക്ക് 2 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്തത് തടവി കൊടുക്കാം, അതിനുശേഷം പാൻ അടച്ചു ചെറുതീയിൽ 35-40 മിനിറ്റ് വരെ കുക്ക് ചെയ്തെടുക്കാം.

അത്രയും നേരം കഴിയുമ്പോൾ ബെൻ കുക്കായിസോഫ്റ്റായി വരുന്നതാണ്, അപ്പോൾ തീ ഓഫ് ചെയ്തു ഒരു പ്ളേറ്റിലേക്ക് ബെൻ വച്ച് അതിനുമുകളിലായി ബട്ടർ തടവി അരമണിക്കൂർ ഒരു ഡ്രൈ ടവൽ വച്ചു റസ്റ്റുചെയ്യാൻ വിടാം.

ശേഷം തുറന്നുനോക്കുമ്പോൾ അടിപൊളി തേങ്ങാബെൻ തയ്യാറാകുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണണമെങ്കിൽ അതും കാണാവുന്നതാണ്. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *