മീൻ കറിയുടെ രുചിയിൽ മീൻ ഇല്ലാതെ വയ്ക്കുന്ന നല്ല അടിപൊളി ഒരു നാടൻ കറി ഉണ്ടാക്കി നോക്കാം

മീൻ കറിയുടെ രുചിയിൽ മീൻ ഇല്ലാതെ വയ്ക്കുന്ന നല്ല അടിപൊളി ഒരു നാടൻ കറി ഉണ്ടാക്കി നോക്കാം.

അത്തരം കറി തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരവിയത്, 10 മണി ഉലുവ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, നല്ല കളർ കിട്ടാൻ ആയി 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി (അതില്ലെങ്കിലും കുഴപ്പമൊന്നുമില്ല, അതിനു പകരം ഒരു ടീസ്പൂൺ മുളകുപൊടി കൂടി ചേർത്താൽ മതിയാകും), എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ പേസ്റ്റ് ആക്കി എടുക്കാം.

മീൻകറി വെക്കുന്നത് മൺചട്ടിയിൽ ആയതുകൊണ്ടുതന്നെ ഇതിനായി മൺചട്ടി അടുപ്പത്ത് വെച്ച് അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം (എപ്പോഴും നാടൻ കറികൾ വെളിച്ചെണ്ണ കൊണ്ട് വെക്കുന്നതായിരിക്കും കൂടുതൽ സ്വാദു), എന്നിട്ട് അത് ചൂടായി വരുമ്പോൾ ഒരു ടീ സ്പൂൺ കടുകിട്ട് പൊട്ടി വരുമ്പോൾ, ആര ടീസ്പൂൺ ഉലുവ, രണ്ടു തണ്ട് കറിവേപ്പില, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, 5-6 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്. ചെറിയ സവാള നീളത്തിൽ അരിഞ്ഞത്, രണ്ട് പച്ചമുളക് കീറിയത് എന്നിവയിട്ട് ഒന്നു മിക്സ് ചെയ്ത് അത് വാടി വരുമ്പോൾ, മീഡിയം വലിപ്പമുള്ള തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്, ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് മിക്സ് ചെയ്യാം.

ശേഷം തക്കാളി ചെറുതായി ഒന്നു വാടി വരുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് കൊടുത്തു മൂന്ന് മിനിറ്റ് നേരം നല്ലപോലെ ഇത് മിക്സ് ചെയ്ത് ചൂടാക്കി എടുക്കണം, എന്നിട്ട് പച്ചമണം എല്ലാം മാറി വരുന്ന സമയം ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം എന്നിട്ട് നല്ലപോലെ ഇളക്കി, വീണ്ടും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഉപ്പു നോക്കി ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കാം.

പിന്നെ രണ്ട് ചെറിയ കുടംപുളി കുറച്ചുനേരം വെള്ളത്തിൽ കുതിർത്തു വച്ച് വെള്ളം കളഞ്ഞ് ഇതിലേക്ക് ഇട്ടു കൊടുക്കാം, പുളി അനുസരിച്ചുവേണം കുടംപുളി ചേർത്ത് കൊടുക്കാൻ, എന്നിട്ട് നല്ല പോലെ മിക്സ് ചെയ്തു മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുക്കാം, എന്നിട്ട് ഈ വെള്ളം നല്ലപോലെ തിളപിച്ചു എടുക്കണം, നല്ലോണം തിളച്ചു വരുമ്പോൾ അതിലേക്ക് അരക്കിലോ ചേന ചെറിയ കഷണങ്ങളായി മുറിച്ച് കുറച്ചു വെള്ളത്തിൽ ഉപ്പിട്ടു കാൽഭാഗം വേവിച്ചത് ചേർക്കാം (ഇങ്ങനെ വേവിക്കുന്നത് അതിൻറെ കഴിക്കുമ്പോഴുള്ള ചൊറിച്ചിൽ മാറാൻ വേണ്ടിയിട്ടാണ്).

എന്നിട്ട് വീണ്ടും നല്ലപോലെ ഇളക്കി ചട്ടി മൂടി വെച്ച് കുറച്ചു നേരം ചേന വേവിച്ചെടുക്കണം, ഇടക്കെ മൂടി തുറന്നു ഇളക്കി കൊടുക്കുവാനും മറക്കരുത്, ശേഷം ചേന വെന്തുവരുമ്പോൾ നല്ലപോലെ മിക്സ് ചെയ്ത് അതിൽ ഇട്ടിരുന്ന കുടംപുളി എടുത്ത് മാറ്റാം, ഒപ്പം അതിലേക്ക് രണ്ടു നുള്ള് ഉലുവ പൊടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

പിന്നെ പെട്ടന്ന് അതിനു മുകളിലായി ഒരു ടേബിൾസ്പൂൺ പച്ചവെളിച്ചെണ്ണയും, ഒരു തണ്ട് കറിവേപ്പിലയും കൂടിയിട്ട് ഈ ചട്ടി വീണ്ടും മുടി വെക്കാവുന്നതാണ്. അഞ്ചു മിനിറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ നല്ല അടിപൊളി ആയിട്ട് നല്ല ചാറോടു കൂടിയുള്ള ഒരു കറി ലഭിക്കും. ഇത് ചോറിനു കൂടെ കഴിക്കാൻ അടിപൊളിയാണ്. അപ്പോൾ ഇതിൽ നമ്മൾ ചേനയാണ് ചേർത്തത്, അത് താൽപര്യമില്ലെങ്കിൽ കായ, ചേമ്പ് എന്നിവയൊക്കെ ചേർത്തും തയ്യാറാക്കാവുന്നതാണ്. അപ്പോൾ മീൻ രുചിയിൽ ഉള്ള ഈ കറി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.