മട്ടയരി ഉണ്ടെങ്കിൽ പൊടി നനയ്ക്കാതെയും, കുഴക്കാതെയും ചെമ്പാവ് സ്റ്റൈലിൽ പുട്ട് തയ്യാറാക്കാം

മട്ടയരി ഉണ്ടെങ്കിൽ പൊടി നനയ്ക്കാതെയും, കുഴക്കാതെയും ചെമ്പാവ് സ്റ്റൈലിൽ പുട്ട് തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മട്ട അരി ഇട്ടു കൊടുക്കാം, എന്നിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി അരി മുങ്ങുന്ന രീതിയിൽ വെള്ളമൊഴിച്ച് കുതിർത്തു വയ്ക്കണം, ഒരു രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുന്നത് വളരെ നന്നായിരിക്കും, അപ്പോൾ തലേദിവസം തന്നെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനായി ഇവ കുതിർത്ത് വെക്കാം.

എന്നിട്ട് പിറ്റേ ദിവസം അരിയിൽ നിന്ന് പൂർണമായും വെള്ളം പോകാനായി വെക്കാം, എന്നാൽ ആ വെള്ളം കളയേണ്ടതില്ല അതിലൊക്കെ നിലവിളക്ക് പോലെയുള്ള വസ്തുക്കൾ ഒരു ദിവസം മുഴുവൻ ഇട്ടു വച്ചിരുന്നാൽ പിന്നീട് കഴുകി എടുക്കുമ്പോൾ അത് വെട്ടി തിളങ്ങും.

ഈ സമയം രണ്ട് പഴുത്ത നേന്ത്രപ്പഴം ഗ്രേറ്റ് ചെയ്തു എടുക്കാം, അല്ലെങ്കിൽ കൈവച്ച് ഉടച്ചാൽ മതിയാകും, എന്നിട്ട് അതിലേക്ക് അരക്കപ്പ് തേങ്ങ ചിരവിയതും, ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം എന്നിട്ട് അത് മാറ്റി വെക്കാവുന്നതാണ്.

അതിനുശേഷം വെള്ളം പൂർണ്ണമായി പോയ അരി മിക്സിയുടെ വലിയ ജാറിൽ ഇട്ടു ഒട്ടും തന്നെ വെള്ളം ചേർക്കാതെ പൊടിച്ചു എടുക്കാം, ഇതെല്ലം ഒരുമിച്ചു ഇടാതെ കാൽ ഭാഗത്തോളം മാത്രം ഇട്ടു പിടിച്ചാൽ മതിയാകും, ഇതിനായി ചെറിയ ജാറും ഉപയോഗിക്കാം. ഇങ്ങനെ വെള്ളം ചേർക്കാതെ പൊടിക്കുമ്പോൾ കറക്റ്റ് പുട്ടുപൊടി നനച്ച പരുവത്തിൽ ലഭിക്കുന്നതാണ്, കാരണം കുതിരാൻ വച്ചപ്പോൾ ആവശ്യത്തിന് വെള്ളം അരി വലിച്ചെടുത്തിട്ടുണ്ടാകും.

ഇങ്ങനെ അരി മുഴുവൻ പൊടിച്ചു ഒരു ബൗളിലേക്ക് ഇട്ട് അതൊന്നു പിടിച്ചു നോക്കുമ്പോൾ കറക്ട് പൊടി നനച്ച പരുവത്തിൽ പിടിക്കുന്ന ഷേപ്പ് ആകുന്നുണ്ടെങ്കിൽ കറക്റ്റ് പാകം ആയി എന്ന് കരുതാം, എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഒരു ബൗളിൽ ഇട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് അത് കലക്കി അതിനുശേഷം പൊടിയിലേക്ക് തളിച്ചു കൊടുക്കാം, അല്ലാത്തപക്ഷം ഉപ്പുപൊടി ചേർക്കുകയാണെങ്കിൽ അവിടെയിവിടെ ആയി കട്ടപിടിച്ചു കിടക്കുന്നതാണ്.

ഇത്രയും ചെയ്‌താൽ നനച്ച പുട്ടുപൊടി റെഡിയായിരിക്കും, ശേഷം സാധാരണ പുട്ടുകുറ്റിയിൽ ചില്ലിട്ട് അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരവിയത്, പിന്നെ ഒരു ടേബിൾ സ്പൂൺ പഴം തേങ്ങ പഞ്ചസാര മിക്സ് പിന്നെ പുട്ടുപൊടി, പിന്നെ വീണ്ടും പഴത്തിൻറെ ഫീലിംഗ്, അങ്ങനെ ഇട്ടു കുറ്റി നിറയുമ്പോൾ അടച്ചു കൊടുക്കാം, ഈ രീതിയിൽ ചിരട്ടയിലും ചെയ്യാം.

അതിനു ശേഷം ചെമ്പിൽ വെള്ളം ഒഴിച്ച് ആവി വരുമ്പോൾ പുട്ടുകുറ്റി വച്ച് 5 മിനിറ്റ് മുതൽ ആറു മിനിറ്റ് വരെ ആവി മുകളിൽ നല്ലപോലെ വരുന്നതുവരെ വേവിക്കാം, ആവി വന്നു കഴിഞ്ഞ് ഒരു മിനിറ്റിനുശേഷം തീ ഓഫ് ചെയ്ത് ഇവ എടുക്കാവുന്നതാണ്, എന്നിട്ട് അത് തള്ളി പ്ളേറ്റിലേക്ക് ഇടുമ്പോൾ നല്ല അടിപൊളി ചെമ്പാവ് പുട്ട് സ്റ്റൈലിലുള്ള പഞ്ഞി പോലെയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാകും. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ കടയിൽ നിന്ന് വാങ്ങുന്ന മായം ചേർത്ത പുട്ട് പൊടികൾ ഒന്നും നമുക്ക് ഉപയോഗിക്കേണ്ടി വരില്ല.