ഒരു കിടുക്കൻ വേനൽക്കാല ജ്യൂസ്, ഒരുവട്ടം കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും

ആകർഷകമായ റിഫ്രഷിംഗ് ലെയേർഡ് ലെമൺ ജ്യൂസ് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു ദാഹശമനിയാണ്. യാതൊരു കൃത്രിമമായ നിറങ്ങളും ചേർക്കാതെയാണ് ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത്. അതുകൊണ്ട് വീട്ടിലുള്ള കുട്ടിക്കുറുമ്പുകൾക്ക് നമുക്കിത് ധൈര്യമായി കൊടുക്കാം. എങ്ങനെയാണ് ഈ ജ്യൂസിനെ മനോഹരിയാക്കുന്നതെന്ന് താഴെയുള്ള വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഈ ജ്യൂസിനായി നന്നായി പഴുത്ത, വലിപ്പമുള്ള ഒരു നാരങ്ങ, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ട് ഏലക്ക, 3 ചെറിയ കഷണം ബീറ്റ്റൂട്ട്, ആവശ്യത്തിന് പഞ്ചസാര, വെള്ളം എന്നിവ മാത്രമേ വേണ്ടൂ…

ആദ്യം ജ്യൂസിൽ ഇടാനുള്ള ഐസ് ക്യൂബുകൾ തയ്യാറാക്കാം. അതിനായി ഒരു കെറ്റിലിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ മൂന്ന് പീസ് ബീറ്റ്റൂട്ട് കഷണങ്ങൾ ഇട്ട് വേവിക്കുക. തണുത്തശേഷം ഈ കഷണങ്ങൾ കളഞ്ഞ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അലിയിച്ച് ഐസ് ട്രേയിലേക്ക് പകർന്ന് ഫ്രീസറിൽ വയ്ക്കാം. ഇനി നാരങ്ങാ വെള്ളത്തിനായി മിക്സിയിൽ ആവശ്യത്തിന് പഞ്ചസാര, ഇഞ്ചി, ഏലയ്ക്ക എന്നിവയിട്ട് നന്നായി പൊടിക്കുക. അതിനുശേഷം ഒരു നാരങ്ങയുടെ നീര്, കുരു ഇല്ലാതെ ഈ മിശ്രിതത്തിൽ ചേർത്ത്, ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു മിനിട്ട് അടിക്കാം.

ഇനി ഗ്ലാസിലേക്ക് പകർത്താനായി കട്ടയായ ബീറ്റ്‌റൂട്ട് ഐസ് ക്യൂബുകൾ 5 എണ്ണം ഗ്ലാസിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ ജ്യൂസ് ഒഴിച്ചുകൊടുക്കുക. ഐസ് ക്യൂബുകൾ മുകളിലേക്ക് പൊങ്ങി വരുകയും ബീറ്റ്റൂട്ടിൻ്റെ കളർ മുകളിലായി പരക്കുകയും ചെയ്യും. അപ്പോൾ നല്ല രുചികരമായ ലെയേർഡ് ലെമൺ ജ്യൂസ് റെഡി. ബാക്കിയുള്ള ബീറ്റ്റൂട്ട് ഐസ് ക്യൂബുകൾ ഫ്രിഡ്ജിൽ കരുതിയാൽ അതിഥികൾ വന്നാൽ ഞൊടിയിടയിൽ വെൽകം ഡ്രിങ്കായി നമുക്ക് രുചികരവും വ്യത്യസ്തവുമായ റിഫ്രഷിംഗ് ഡ്രിങ്ക് നൽകാം.