ചപ്പാത്തിക്ക് പകരം ഗോതമ്പുപൊടി കൊണ്ട് കുബൂസ് ഉണ്ടാക്കാം ഒപ്പം ഒരു ഗാർലിക് സോസും, കിടിലൻ

ചപ്പാത്തിക്ക് പകരം ഗോതമ്പുപൊടി കൊണ്ട് കുബൂസ് ഉണ്ടാക്കാം അതിനോടൊപ്പം കഴിക്കുവാനായി ഒരു ഗാർലിക് സോസും പെട്ടന്ന് തയ്യാറാക്കാവുന്നതെ ഉള്ളൂ.

ഇതിനായി ഒരു ബൗളിലേക്ക് മുക്കാൽ ടീസ്പൂൺ ഡ്രൈഡ് യീസ്റ്റ് ഇട്ട് കൊടുക്കുക, ഇൻസ്റ്റൻറ് യീസ്റ്റ് ആണെങ്കിൽ നേരിട്ട് തന്നെ പൊടിയിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്, ഡ്രൈഡ് യീസ്‌റ്റിലേക്ക്‌ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, പിന്നെ കാൽ കപ്പ് ഇളം ചൂടുള്ള പാൽ ചേർത്തു കൊടുക്കാം (ഒരുപാട് ചൂടുള്ള പാൽ യാതൊരു കാരണവശാലും ചേർക്കരുത്), എന്നിട്ട് അത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

അതിനുശേഷം ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു അതിലേക്ക് യീസ്റ്റ് മിക്സ് 10 മിനിറ്റിനുശേഷം ചേർത്ത് കൊടുക്കാവുന്നതാണ്.എന്നിട്ട് കൈ വെച്ച് നല്ലപോലെ മിക്സ് ചെയ്തു കഴിഞ്ഞു അതിലേക്കു കുറച്ചു കുറച്ചായി ഇളം ചൂടുവെള്ളം ഒഴിച്ചു നല്ലപോലെ കുഴച്ചെടുക്കണം, മാവ് നല്ല സോഫ്റ്റ് ആക്കി എടുക്കണം. അതിനുശേഷം ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് കുഴച്ച് എടുക്കാവുന്നതാണ്.

നമ്മൾ മാവിൽ തൊട്ടു നോക്കുമ്പോൾ പെട്ടെന്ന് തന്നെ കുഴിഞ്ഞു പോകുന്ന രീതിയിൽ വേണം കുഴച്ചു എടുക്കാൻ, എന്നിട്ട് അത് വലിയൊരു ഉരുളയാക്കി ബൗളിന്റെ ഉള്ളിൽ മുഴുവനും ഓയിൽ തേച്ച് അതിനുള്ളിൽ ഇൗ ഉരുള വെച്ച് അതിന്റെ ചുറ്റും കുറച്ചു ഓയിൽ തടവി കൊടുക്കാവുന്നതാണ്. എന്നിട്ട് രണ്ടര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം. എന്തെങ്കിലും പ്ലാസ്റ്റിക് വ്രാപ്പ്‌ അല്ലെങ്കിൽ നനച്ച കോട്ടൺ തുണി പിഴിഞ്ഞ് ബൗളിന് മുകളിൽ ഇട്ടു മൂടി വച്ചാൽ മതി.

ഈ നേരത്തിനുള്ളിൽ ഗാർലിക് സോസ് തയ്യാറാക്കാം, ഇതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു വലിയ അല്ലി വെളുത്തുള്ളി അരിഞ്ഞത്, ഒരു കോഴിമുട്ടയുടെ വെള്ള, അര ടീസ്പൂൺ നാരങ്ങാനീര്, രണ്ട് നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക, അതിനുശേഷം കാൽകപ്പ് നാലുതവണ കുറച്ചു കുറച്ചായി ഒഴിച്ച് കൊടുക്കണം, അപ്പോൾ ആദ്യത്തെ തവണ കുറച്ച് ഒഴിച്ചുകൊടുത്തു 40 സെക്കൻഡ് അടിച്ചു കഴിഞ്ഞു പിന്നെ രണ്ടാമത്തെ വട്ടം ഓയിൽ ഒഴിച്ചു അതും 40 സെക്കൻഡ് അടിക്കാം. ഇതുപോലെ മൊത്തം നാലു വട്ടം ചെയ്തതിനുശേഷം നല്ല കട്ടിയായി ഗാർലിക് സോസ് ലഭിക്കുന്നതാണ്.

പിന്നെ രണ്ടര മണിക്കൂർ കഴിഞ്ഞ് മാവ് എടുത്ത് ഒന്നുകൂടി കുഴച്ച ശേഷം ചപ്പാത്തിക്ക്‌ എടുക്കുന്നതിൽ കുറച്ചു മാവ് കൂടുതൽ എടുത്തു പൂരിയുടെ വലുപ്പത്തിൽ അത്യാവശ്യം കട്ടിയിൽ പരത്തി എടുക്കണം. ഇൗ സമയത്ത് അരുക് വശങ്ങളിൽ പൊട്ടൽ ഉണ്ടെങ്കിൽ കൈവെച്ച് അമർത്തി പോട്ടൽ മാറ്റാം. ശേഷം പാൻ അടുപ്പത്ത് വച്ച് മീഡിയം ഫ്ലെയിമിനും കുറച്ച് താഴെയായി തീ വച്ചു കുറച്ച് കുബൂസ്‌ അതിൽ വച്ചു ഒരു സൈഡ് പൊങ്ങി വരുമ്പോൾ പെട്ടെന്ന് മറിച്ചിട്ട് മറ്റേ സൈഡിൽ പൊങ്ങുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ട് പെട്ടെന്ന് തന്നെ ഇത് നല്ല രീതിയിൽ പൊങ്ങുമ്പോൾ അപ്പോൾ തന്നെ പാനിൽ നിന്ന് എടുക്കാവുന്നതാണ്. പക്ഷേ ഇത് ഒരു പാത്രത്തിലേക്ക് എടുത്തുമാറ്റി അടച്ച് വയ്ക്കരുത്. ഒരു കിച്ചൻ ടർക്കിയിൽ മൂടി വച്ചിരുന്നാൽ മതിയാകും, അപ്പൊൾ നല്ല അടിപൊളി ഹെൽത്തി കുബ്ബൂസും ഗാർലിക് സോസും കഴിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *