സദ്യക്കെല്ലാം വിളമ്പുന്ന കൂട്ടുകറി ഞൊടിയിടയിൽ വീട്ടിൽ അതെ സ്വാദോടെ തയ്യാറാക്കാം, അറിവ്

സദ്യക്കെല്ലാം വിളമ്പുന്ന കൂട്ടുകറി ഞൊടിയിടയിൽ വീട്ടിൽ അതെ സ്വാദോടെ തയ്യാറാക്കാം.

ഇതിനായി കുക്കറിലേക്ക് നല്ല വലിപ്പമുള്ള ഒരു നേന്ത്രക്കായ തൊലി ഒന്നും കളയാതെ ചെറിയ കഷണങ്ങളായി മുറിച്ചു ഇടണം, പിന്നെ അതിലേക്ക് അതേ അളവിൽ തന്നെ ചേന കഷ്ണങ്ങളായി നുറുക്കിയതും ഇടാം, പിന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്തു കുക്കർ അടച്ച് മീഡിയം തീയ്യിൽ രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക.

ഈ സമയം ഒരു മുഴുവൻ വലിയ നാളികേരം ചിരവി എടുക്കണം, എന്നിട്ട് അതിന്റെ കാൽഭാഗം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ട് ഒപ്പം അരടീസ്പൂൺ ചെറിയ ജീരകം, രണ്ട് മൂന്ന് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് ഒന്ന് അരച്ച് എടുക്കാം, പേസ്റ്റ് പോലെ ആകണമെന്ന് നിർബന്ധമൊന്നുമില്ല.

അപ്പോഴേക്കും രണ്ടു വിസിൽ വന്നിട്ടുണ്ടാകും, അപ്പോൾ തുറക്കുമ്പോൾ വെന്തു ഉടഞ്ഞു പോകാതെ എന്നാൽ വെന്തിട്ടുള്ള കായയും ചേനയും കിട്ടും, ഒപ്പം കുറച്ചു വെള്ളവും ബാക്കി ഉണ്ടാകും, ശേഷം തീ ഓൺ ചെയ്തു അതിലേക്ക് അരക്കപ്പ് കടല നല്ലപോലെ കഴുകി അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തത് ഉപ്പും, മഞ്ഞളും, വെള്ളവും ചേർത്ത് വേവിച്ചത് ഇട്ടു കൊടുത്തു നല്ലപോലെ മിക്സ് ചെയ്തു അരച്ച തേങ്ങ കൂടി ചേർത്ത് ഇളക്കി, പിന്നെ അതിലേക്ക് മധുരത്തിനായി ഒരു ചെറിയൊരു കഷ്ണം ശർക്കര ചീകി ചേർത്ത് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം.

പിന്നെ വറുക്കാനായി ഒരു ഉരുളി(അടിക്കട്ടിയുള്ള ചെറിയ കുഴിയുള്ള പാത്രം) അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്നുമുതൽ നാലുവരെ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടി വരുമ്പോൾ, ഒരു ടീസ്പൂൺ ഉഴുന്ന്, കാൽ ടീസ്പൂൺ ജീരകം, മൂന്നു വറ്റൽമുളക് കീറിയത്, അല്പം കറിവേപ്പില ഇട്ടു, പിന്നെ നേരത്തെ ചിരവി വെച്ച ബാക്കിയുള്ള മുക്കാൽ ഭാഗത്തോളം നാളികേരം കൂടി ഇട്ട് മീഡിയം തീയിൽ കൈവിടാതെ ബ്രൗൺ കളർ ആകുന്നതുവരെ നല്ലപോലെ റോസ്റ് ചെയ്യാം.

അതിനുശേഷം അതിലേക്ക് കൂട്ടുകറി ചേർത്ത് നല്ലപോലെ ഇളക്കി ഉപ്പു വേണമെങ്കിൽ ചേർക്കാവുന്നതാണ്, അപ്പോൾ നല്ല അടിപൊളി സദ്യ സ്റ്റൈൽ കൂട്ടുകറി തയ്യാറാക്കുന്നതാണ്, പറയുമ്പോൾ ഒരുപാടുണ്ടെങ്കിലും എളുപ്പം തയ്യാറാക്കാവുന്ന ഒരു സംഭവം തന്നെയാണ്, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *