ഏറ്റവും എളുപ്പമായി കരിക്ക് തോറ്റു പോകും വിധം സോഫ്റ്റായ കിണ്ണത്തപ്പം ഇപ്പോൾ ഉണ്ടാക്കിയാലോ

കരിക്ക് പോലെ സോഫ്റ്റ് ആയ കിണ്ണത്തപ്പം നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം. ഒട്ടും സമയമില്ലാത്ത നേരത്ത് എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കണം എങ്കിൽ നിങ്ങൾക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു റെസിപ്പി തന്നെയാണ് ഇത്, ഈ കിണ്ണത്തപ്പത്തിന് ആകെ മൂന്നു ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ.

ഇത് തയ്യാറാക്കാൻ ആയി ഒരു ബൗളിലേക്ക് അരക്കപ്പ് വറുത്ത ഒട്ടും തരിയില്ലാത്ത അരിപൊടി ഇട്ടുകൊടുക്കാം, ഇനി മധുരത്തിനു വേണ്ടി നാലോ അഞ്ചോ ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം (പഞ്ചസാര ഒക്കെ നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടിയും കുറച്ചും ചേർക്കാവുന്നതാണ്), ശേഷം ഇൗ മധുരം ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പും ഇട്ട് ഇതെല്ലാം കൂടി ഒന്നു മിക്സ് ചെയ്ത് അതിലേക്ക് ഒന്നര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം (അതായത് 2 കപ്പ് തേങ്ങ ചിരവിയതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് പിഴിഞ്ഞ് എടുത്തിട്ടുള്ള കട്ടിയുള്ള തേങ്ങാപ്പാൽ), എന്നിട്ട് ഇതെല്ലാം മിക്സ് ചെയ്യാം.

എപ്പോഴും ലൂസ് ആയിട്ട് വേണം ഇതിൻറെ മാവ് ഇരിക്കുവാൻ, അതിനായി കുറച്ചുകൂടി ലൂസ് ആകാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് മിക്സ് ഒഴിച്ച് അടിച്ച് എടുക്കാവുന്നതാണ്. അതിനു ശേഷം ഇൗ ബാറ്റർ ഒരു ബൗളിൽ ഒഴിച്ച് അത് മൂടി വച്ച് അരമണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വിടുക.

അരമണിക്കൂറിനുശേഷം തുറന്നു നോക്കുമ്പോൾ മാവിന് കട്ടി കൂടുകയാണെങ്കിൽ കുറച്ചു തേങ്ങാപ്പാൽ കൂടി ഒഴിച്ച് കൊടുക്കാം, അഥവാ ലൂസ് തന്നെയാണെങ്കിൽ ഒന്ന് ഇളക്കി സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിൽ കുറച്ച് എണ്ണ തടവി കൊടുത്തു അതിലേക്ക് ഒഴിക്കാവുന്നതാണ്‌.

ഇനി മാവിൻറെ മുകളിലായി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കുറച്ചു ജീരകം വിതറി കൊടുക്കാം, ശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് തട്ട് വച്ചുകൊടുത്ത്‌ അതിനുമുകളിലായി ഈ പാത്രം ഇറക്കി വെച്ച് ചെമ്പ് മൂടി 15 മിനിറ്റ് ആവി കയറ്റി വേവിക്കണം. 15 മിനിറ്റിനുശേഷം മൂടി തുറന്ന് വെന്തു എന്ന് ഉറപ്പുവരുത്തി പുറത്തേക്ക് എടുക്കാവുന്നതാണ്. എന്നിട്ട് തണുത്തു വരുമ്പോൾ മാത്രം ഇൗ കിണ്ണത്തപ്പം മുറിച്ച് കഴിക്കാം. വലിയ പണികളൊന്നും ഇല്ലാതെ തയ്യാറാക്കുന്ന ഇൗ പലഹാരത്തിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *