റേഷൻ കടയിൽ നിന്നും ലഭിക്കുന്ന കടല വെറുതെ ഇരിക്കുകയാണെങ്കിൽ, അതും അരിപ്പൊടിയും വെച്ച് ബ്രെക്ക്ഫാസ്റ്റായി എളുപ്പത്തിൽ പൊരിച്ച പത്തിരി തയ്യാറാക്കാം. ഇതിനായി മുക്കാൽകപ്പ് കടല നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു രാത്രി മുഴുവൻ കുതിർത്ത് വെള്ളം കളഞ്ഞു മിക്സിയുടെ ജാറിലേക്കിട്ട് കാൽകപ്പ് വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ചെടുക്കാം. എന്നിട്ടൊരു പാൻ അടുപ്പത്ത്വെച്ച് അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിക്കാം,
പിന്നെ വറ്റൽമുളക് പൊടിച്ചത്(രണ്ട് ടേബിൾസ്പൂൺ), ആവശ്യത്തിന് ഉപ്പ്, 1 സവാള(ചെറുത്) പൊടിയായരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്(ഒരു ടേബിൾസ്പൂൺ), മഞ്ഞൾപൊടി(അരടീസ്പൂൺ), മുളകുപൊടി(അരടീസ്പൂൺ), അയമോദകവും, ജീരകവും കൂടി മിക്സ് ചെയ്തത്(മുക്കാൽടീസ്പൂൺ) ചേർത്തിളക്കി തിളച്ചുവരുമ്പോൾ അതിലേക്ക് 2കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് വാട്ടികുഴച്ചെടുക്കണം. എന്നിട്ട് അരച്ചുവെച്ചിരിക്കുന്ന കടല മിക്സ് ചേർത്ത് വീണ്ടും ഇളക്കി 1 വലിയ പച്ചമുളക് അരിഞ്ഞതും, താല്പര്യമുണ്ടെങ്കിൽ അല്പം മല്ലിയില കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അടച്ച് ചെറുതീയിൽ രണ്ടുമൂന്നു മിനിറ്റ് വേവിക്കണം. ശേഷം ബൗളിലേക്ക് മാറ്റി കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ രണ്ടുമൂന്നു സ്പൂൺ ഓയിൽ ഒഴിച്ച് മയത്തിൽ കുഴച്ചെടുക്കണം. എന്നിട്ട് പലകയിൽ ഓയിൽ തടവി ഓരോ ഉരുള കാലിഞ്ച് കാലിഞ്ചിൽ താഴെ കട്ടിയിൽ പരത്തി ഷേപ്പ് കിട്ടാൻ ചെറിയ അടപ്പ് വച്ച് അമർത്തി മുറിക്കാം. എന്നിട്ട് നല്ല ചൂടായ എണ്ണയിൽ മീഡിയം തീയാക്കി ഇവ ഇട്ടുകൊടുത്തു തിരിച്ചും മറിച്ചുമിട്ട്
നല്ല ഗോൾഡ് നിറമാകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.