അറിവ് നേടാം, ഇങ്ങനെ ചെയ്‌താൽ അരിയും പരിപ്പും പയറുമൊന്നും ഒരിക്കലും എളുപ്പം കേടാവില്ല

ഒരുപാട് കാലത്തേക്ക് അരിയും പയറുവർഗങ്ങളും പൊടികളും ഒക്കേ വാങ്ങി സൂക്ഷിച്ചു വെക്കേണ്ടി വന്നാൽ പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കേടാകാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതായിരിക്കും.

1. സാമ്പാർ പരിപ്പ്, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, കടല പരിപ്പ് അങ്ങനെയുള്ള പരിപ്പുവർഗങ്ങൾ വാങ്ങി വെക്കുമ്പോൾ ചെറുതായൊന്ന് ലോ ഫ്ലെയിമിൽ ഡ്രൈ റോസ്റ്റ് ചെയ്ത് ചൂടാറി കഴിഞ്ഞു കാറ്റ് കടക്കാത്ത ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് കാലം ഇവ കേടുകൂടാതെ ഇരിക്കുന്നതാണ്.

2. നിങ്ങൾ വറുക്കാത്ത റവയാണ് കടയിൽ നിന്നും വാങ്ങുന്നതെങ്കിൽ അത് വറുത്ത ശേഷം മാത്രം സൂക്ഷിച്ചു വയ്ക്കുക, ഇനി വറുത്ത റവയാണ് വാങ്ങുന്നതെങ്കിൽ അതൊന്നു ചെറുതായി ചൂടാക്കി കഴിഞ്ഞ് എയർ ടൈറ്റ് പാത്രത്തിൽ സൂക്ഷിക്കാം.

3. സൂചി ഗോതമ്പ് വാങ്ങിച്ചത് കുറച്ചുകാലം സൂക്ഷിക്കുമ്പോൾ അതിന്മേൽ വരുന്ന കളറു വ്യത്യാസവും, പ്രാണികളും എല്ലാം ഒഴിവാക്കാൻ വേണ്ടി ഇവ നല്ലപോലെ ഡ്രൈ റോസ്റ്റ് ചെയ്തു ചൂടാറി കഴിഞ്ഞ് കാറ്റൊന്നും കടക്കാത്ത ടിന്നിൽ ഇട്ടു വച്ചാൽ മതിയാകും.

4. കടല, വൻപയർ, ചെറുപയർ അങ്ങനെയുള്ള പയറുവർഗങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ അത് ഇട്ടു വെച്ചിരിക്കുന്ന പാത്രത്തിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി/ ഒരു വയനയില ഇട്ട് മിക്സ് ചെയ്തു അടച്ചു സൂക്ഷിച്ചു വെച്ചിരുന്നാൽ ഒരുപാട് കാലത്തേക്ക് യാതൊരു പ്രശ്നവും കൂടാതെ ഇവ നല്ല ഫ്രഷ് ആയി ഇരിക്കുന്നതാണ്. അതുമല്ലെങ്കിൽ ഈ പാത്രങ്ങളിൽ ഒരു ടീസ്പൂൺ കടുക് എണ്ണ ഒഴിച്ചു കൊടുത്ത ഇവയുമായി മിക്സ് ചെയ്ത് വച്ചിരുന്നാലും മതി.

5. അരിപ്പൊടി, ഗോതമ്പുപൊടി പോലെയുള്ള പൊടികൾ ഒരുപാട് കാലം സൂക്ഷിക്കാൻ ഒരുപാട് അളവിൽ വാങ്ങുന്നുണ്ടെങ്കിൽ പല പാത്രങ്ങളിലായി ഇട്ടു വച്ച് ഒരു പാത്രത്തിലെ തീരുമ്പോൾ മാത്രം മറ്റൊരു പാത്രം എടുത്തു അതിൽ നിന്ന് ഉപയോഗിക്കാവുന്നതാണ്, അതുമാത്രമല്ല ഈ പൊടികൾക്കുള്ളിൽ വയനയില ഒരെണ്ണം എട്ടു വച്ചാൽ ഇവ കേടാവുകയുമില്ല.

6. പഞ്ചസാരയിൽ ഈർപ്പവും അല്ലെങ്കിൽ ഉറുമ്പ് ശല്യം ഒന്നും ഇല്ലാതെ ഇരിക്കുവാൻ വേണ്ടി പഞ്ചസാര ഇട്ടു വച്ചിരിക്കുന്ന പാത്രത്തിൽ മൂന്നോ നാലോ കരയാമ്പു അല്ലെങ്കിൽ ഒരു കറുവപ്പട്ട ഇട്ടുവെച്ച് മിക്സ് ചെയ്ത് വെച്ചിരുന്നാൽ മതി.

7. മുളകുപൊടി, മല്ലിപൊടി ഒക്കെ ഈർപ്പം തട്ടി കേടാകാതിരിക്കാൻ വേണ്ടി ഇട്ടു വച്ചിരിക്കുന്ന പാത്രത്തിൽ പൊടിയുടെ അളവിന് അനുസരിച്ച് ഉപ്പു ചേർത്ത് കൊടുത്തു മിക്സ് ചെയ്തു വച്ചിരുന്നാൽ മതിയാകും (അതായത് കാൽ കിലോ മുളകുപൊടി ആണെങ്കിൽ കാൽ ടീസ്പൂൺ ഉപ്പു ചേർക്കാം).

8. അരികൾ സൂക്ഷിക്കുമ്പോൾ അതിൽ പ്രാണികളും ഒന്നും വരാതിരിക്കാൻ അരിയുടെ ഉള്ളിലായി രണ്ടോ, മൂന്നോ ഉണക്കമുളകും ഒരു വഴനയിലയും പൂഴ്ത്തി വച്ചിരുന്നാൽ മതി. പിന്നെ എല്ലാത്തിനുമുപരി നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ അത്യാവശ്യം ക്വാളിറ്റി ഉള്ളതാണെന്ന് കൂടി ഉറപ്പുവരുത്തി വാങ്ങാൻ ശ്രദ്ധിക്കുക.