മുട്ട വച്ചിട്ട് ഒരടിപൊളി കട്‌ലറ്റ് ഉണ്ടാക്കാം, ഇന്നത്തെ നമ്മുടെ നാലുമണി പലഹാരം ഇതാവട്ടെ

മുട്ട വച്ചിട്ട് നല്ല അടിപൊളി കട്‌ലറ്റ് തയ്യാറാക്കാം അതും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ.

ഇത് തയ്യാറാക്കാൻ ആയി ഒരു പാൻ അടുപ്പത്തുവെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കാം അത് ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ കഷണം ഇഞ്ചിയും, മൂന്നാല് വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റണം, ഇതിലേക്ക് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അൽപം കറിവേപ്പിലയും ഇടാവുന്നതാണ്. ശേഷം ചെറുതായി വഴന്നു വരുമ്പോൾ അതിലേയ്ക്ക് അര ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടേബിൾസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടേബിൾസ്പൂൺ മുളകുപൊടി, പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ ഇട്ട് തന്നെ ഈ മസാലകളുടെ പച്ചമണം മാറ്റിയെടുക്കാം.

എന്നിട്ട് നല്ലപോലെ വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കാം, എന്നിട്ട് മുട്ട നല്ലപോലെ അതിൽ തന്നെ കൊത്തി പൊരിക്കുക, ശേഷം അതൊന്ന് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് രണ്ട് വലിയ ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് വെച്ചത് ചേർത്തു കൊടുത്തു അത് മുട്ട മസാല ആയി കൂട്ടി യോജിപ്പിക്കാം.

എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്, പിന്നെ മൂന്നു പീസ് ബ്രഡ് പൊടിച്ചത് കൂടി ചേർത്ത് മിക്സ് ചെയ്തു, ആ സമയം ഉപ്പും, എരിവും എല്ലാം നോക്കി ആവശ്യാനുസരണം ചേർക്കാവുന്നതാണ്, എന്നിട്ട് എല്ലാം കൂടി മിക്സ് ആക്കി, അവസാനം താല്പര്യമുണ്ടെങ്കിൽ കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുത്തു ഇളക്കി ഫ്ലേയും ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് ഈ മസാല ചൂടാറി വരുമ്പോൾ കൈ വച്ച് നല്ലപോലെ കുഴച്ചു കൊടുത്തു ഏതെങ്കിലും ഷേപ്പിൽ ആക്കി എടുക്കാം. ശേഷം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ ഗോതമ്പുപൊടി, അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലപോലെ കലക്കി ഗോതമ്പുപൊടി മിക്സ് ലൂസ് ആക്കണം, ശേഷം ഷെയിപ്പ്‌ ആക്കി വച്ച മസാല ഗോതമ്പ് പൊടി മിക്‌സിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് എടുക്കാം.

എന്നിട്ട് പാൻ അടുപ്പത്ത് വെച്ച് അതിൽ ഫ്രൈ ചെയ്യാൻ ആവശ്യമായ ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാകുമ്പോൾ തീ മീഡിയം ആക്കി ഈ പീസുകൾ ഇട്ടു കൊടുക്കാം, എന്നിട്ട് പെട്ടെന്നുതന്നെ മറിച്ച് ഇടരുത് ഒരു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ പതുക്കെ മറിച്ചിട്ട് മറ്റെ സൈഡും ബ്രൗൺ കളർ ആകുമ്പോൾ അത് അപ്പോൾ തന്നെ എടുത്ത് മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സ്വാദിഷ്ഠമായ മുട്ട കട്ലറ്റ് ലഭിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *