സാധാ ചപ്പാത്തി തയ്യാറാക്കി മടുത്തെങ്കിൽ കുറച്ചുകൂടി ടേസ്റ്റ് ഉള്ള ഈ ചപ്പാത്തി നോക്കിയാലോ

സാധാ ചപ്പാത്തി തയ്യാറാക്കി മടുത്തെങ്കിൽ കുറച്ചുകൂടി ടേസ്റ്റ് ഉള്ള അടുക്കുകളോട് കൂടിയുള്ള ചപ്പാത്തി പരീക്ഷിച്ചു നോക്കാം.

ഇതിനായി ഏകദേശം രണ്ട് കപ്പ് ഗോതമ്പു പൊടി ബൗളിലേക്ക്‌ ഇട്ടുകൊടുക്കാം, അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക, പിന്നെ ആവശ്യത്തിനുള്ള ഉപ്പ്, അര ടീസ്പൂൺ പഞ്ചസാര, മൂന്ന് നാല് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം, പിന്നെ അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തി മാവ് നല്ലപോലെ കുറച്ച് എടുക്കണം, മാവ് നല്ല സോഫ്റ്റ് ആക്കിയതിന് ശേഷം അതിനു മുകളിലായി ഓയിൽ തടവിക്കൊടുത്തു 20 മിനിറ്റ് അടച്ചു റസ്റ്റ് ചെയ്യാൻ വെക്കണം.

20 മിനിട്ടിനുശേഷം ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കി, സാധാ ചപ്പാത്തി പരത്തുന്നത് പോലെ പൊടിയിട്ട് നൈസ് ആയിട്ട് പരത്താം, എന്നിട്ട് വട്ടത്തിൽ പരത്തി ചപ്പാത്തിയുടെ ഒരു ഭാഗം മുറിച്ചു കൊടുത്തു അതായത് നടുവിൽ നിന്ന് നീളനെ മുറിച്ചു, ആ മുറിഞ്ഞ സ്ഥലത്ത് നിന്ന് കോൺ പോലെ ചുരുട്ടി എടുക്കണം, അതിനുശേഷം ആ കോൺ ഷേപിൽ നിന്ന് താഴേക്ക് അമർത്തി പരത്തി എടുക്കുമ്പോൾ പൊറോട്ടയുടെ പോലെ തന്നെ ലയർ ലയർ ആയി വരുന്നതാണ്.

ശേഷം ചുട്ടെടുക്കാം, അതിനായി ബട്ടർ, നെയ്യ്, ഓയിൽ എന്നിവ ഇട്ട് കൊടുക്കാവുന്നതാണ്, അല്ലെങ്കിൽ ഇതൊന്നുമില്ലാതെ തയ്യാറാക്കിയാലും നല്ല ടേസ്റ്റ് തന്നെയായിരിക്കും ഈ അടുക്ക്‌ ചപ്പാത്തിക്ക്.