നല്ല അസ്സൽ തനി നാടൻ ബീഫ് കറി ഇപ്പോൾ തന്നെ തയ്യാറാക്കാം, മനസ്സ് നിറയുമെന്നു ഉറപ്പാണ് വീട്ടമ്മമാരെ

നാടൻ ചേരുവകൾ കൊണ്ട് തന്നെ നല്ല നാടൻ രീതിയിൽ ബീഫ് കറി വെക്കാം.

ഇതിനായി ഒരു പ്രഷർ കുക്കറിൽ 800 ഗ്രാം ബീഫ് കഷണങ്ങൾ കഴുകി വൃത്തിയാക്കിയത് ഇട്ട് കൊടുക്കുക, ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മൂന്ന് വിസിൽ വരുന്നതുവരെ മീഡിയം ഫ്ലെയിമിൽ ഇട്ട് വേവിക്കുക (എന്തായാലും ഒരു വിധം വെള്ളം ബീഫിൽ നിന്ന് ഇറങ്ങി വരുന്നതു കൊണ്ട് വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല എന്നിരുന്നാലും ഇനി നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് വേവിക്കാവുന്നതാണ്‌).

എന്നിട്ട് മൂന്ന് വിസിലിന് ശേഷം കുക്കർ തുറന്നു ഇതൊന്നു മാറ്റിവയ്ക്കുക. അതിനു ശേഷം ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് ചുവന്നുള്ളി ഇട്ടു വഴറ്റണം, ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചതും,ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വഴറ്റുക (ബീഫ് വേവിക്കുമ്പോൾ ഉപ്പ് ചേർത്തതിനാൽ അതിനനുസരിച്ച് വേണം ഇപ്പൊൾ ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുവാൻ).

ശേഷം ഇത് നല്ലപോലെ വഴറ്റി വരുമ്പോൾ കാൽകപ്പ് തേങ്ങാക്കൊത്ത് കൂടി ചേർത്തു വീണ്ടും പച്ച മണം മാറി ഉടഞ്ഞു കളർ മാറി വരുന്നത് വരെ വഴറ്റാം. അങ്ങനെ ആയി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടി ചേർത്ത് ഒരു മിനിറ്റ് നേരം വഴറ്റണം ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ പെരിംജീരകം പൊടിച്ചത് കൂടി ചേർത്ത് പച്ചമണം മാറുന്ന വരെ നല്ലപോലെ വഴറ്റി റോസ്റ്റ് ആക്കി കൊടുക്കാം. ശേഷം ഒരു ചെറിയ തക്കാളി അരിഞ്ഞത് കൂടി ഇട്ടു കൊടുത്തു, ഈ സമയം ബീഫിൽ നിന്നും കുറച്ച് ഗ്രേവി എടുത്തു ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ഏകദേശം കാൽ കപ്പ് ഗ്രേവി മതിയാകും ശേഷം ഒന്ന് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് തക്കാളി വേവിക്കുക ( ഇത്രയും ചെയ്യുന്ന സമയങ്ങളിൽ എല്ലാം തീ ലോ ഫ്ലെയുമിനും മീഡിയം ഫ്ലേയിമിനും മധ്യേ ആയിരിക്കണം). ശേഷം രണ്ടോ മൂന്നോ മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കുമ്പോൾ തക്കാളി നല്ലപോലെ വെന്തു കിടക്കുന്നത് കാണാം, അപ്പോള്..ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് കൊടുക്കുക എന്നിട്ട് ഒന്ന് ഇളക്കി മസാല അതിന്മേൽ പിടിപ്പിക്കണം. നിങ്ങൾക്ക് ഇനിയും ഗ്രേവി ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം, ഒരിക്കലും തണുത്ത വെള്ളം ഒഴിക്കരുത്.

ഇനി ഇതിൻറെ മുകളിലേക്ക് രണ്ട് പച്ചമുളക് കീറിയതും, കറിവേപ്പിലയും കൂടി ഇട്ട് ഇളക്കി അടച്ചുവെച്ച് കുറച്ച് സമയം വേവിക്കാം. ലോ ഫ്ലെയിമിൽ തന്നെ ഇട്ടു വേണം വേവിക്കാൻ, ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കുമ്പോൾ എണ്ണയൊക്കെ മുകളിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം. അപ്പോൾ തന്നെ തീ ഓഫ് ചെയ്തു ഒരു 20 മിനിറ്റ് നേരം വെറുതെ റസ്റ്റ് ചെയ്യുവാൻ വെക്കുക. ഈ സമയം കറി ഒന്നുകൂടി നല്ലപോലെ കുറുകി രുചി കൂടുന്നതാണ്. എന്നിട്ട് സ്വാദിഷ്ടമായ ഈ ബീഫ് കറി നമുക്ക് ഇഷ്ടംപോലെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *