സദ്യ സ്റ്റൈൽ ഡ്രൈ അവിയൽ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം, അസ്സൽ നാടൻ അവിയൽ ഇതാ റെഡി

സദ്യ സ്റ്റൈൽ ഡ്രൈ അവിയൽ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ഇതിനായി ഒരു ഉരുളിയിലേക്ക് വലിയ കാരറ്റ് നീളത്തിൽ അരിഞ്ഞത് (ഒരുപാട് കനത്തിൽ അരിയരുത്), 5 നീളം പയർ നീളത്തിൽ അരിഞ്ഞെടുത്തത്, ചെറിയ കഷണം ചേന നീളത്തിൽ അരിഞ്ഞത്, 2 മുരിങ്ങക്ക തോലുകളഞ്ഞ് ചെറുതായി നീളത്തിൽ അരിഞ്ഞത്, ചെറിയ കഷണം കുമ്പളങ്ങ നീളത്തിലരിഞ്ഞത്, പകരമായി വെള്ളരിക്ക എടുക്കാം, അഞ്ചാറ് കൊത്തമര നടുവേ കീറി നീളത്തിലരിഞ്ഞത്, ചെറിയ കഷ്ണം പടവലങ്ങ അരിഞ്ഞത്, പിന്നെ ഒരു വലിയ നേന്ത്രക്കായ ചെറുതായി നീളത്തിൽ അരിഞ്ഞത് നല്ലപോലെ കഴുകി വെള്ളം കളഞ്ഞിട്ടു ഇട്ടു കൊടുക്കാം, പിന്നെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, രണ്ടു മൂന്നു തണ്ട് കറിവേപ്പില, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു 10 മിനിറ്റ് അതൊന്നു മാറ്റി വെക്കാം.

10 മിനിറ്റ് കഴിയുമ്പോൾ തന്നെ അതിൽ നിന്നും വെള്ളം ഇറങ്ങി വരുന്നതാണ്, ആ ഒരു വെള്ളത്തിൽ തന്നെ അവിയൽ വേവിച്ചെടുക്കാം, നിങ്ങൾക്ക് വേണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം, ശേഷം ഈ ഉരുളി അടുപ്പത്ത് വച്ച് അതിനു മുകളിലായി ഒരു വാഴയില വച്ച് അതിനു മുകളിൽ മൂടിവെച്ച് മീഡിയം തീയിൽ വേവിക്കണം.

ഈ സമയം മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു വലിയ ഇളം തേങ്ങ ചിരവിയത്, മൂന്ന് നാല് പച്ചമുളക്, 8-9 ചെറിയ ഉള്ളി, ഒന്നരടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു വെള്ളമൊഴിക്കാതെ അരച്ചെടുക്കാം, എന്നിട്ട് അത് മാറ്റി വെക്കാം.

ഈ സമയം കൊണ്ട് കഷ്ണങ്ങൾ എല്ലാം വെന്തു കഴിഞ്ഞിട്ടുണ്ടാകും, വെന്തു എന്ന് ഉറപ്പാക്കാനായി അതിൽനിന്നൊരു ചേനയുടെ കഷ്ണം എടുത്തു വെന്തോ എന്ന് നോക്കാം, ചേന വെന്തിട്ടുണ്ടെങ്കിൽ എല്ലാം വെന്തിട്ടുണ്ടാകും. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ പുളിയുള്ള മോര് ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് ഒന്ന് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് വീണ്ടും നല്ലപോലെ മിക്സ് ചെയ്തു വാഴയില കൊണ്ട് മൂടി ചെറുതീയിൽ 2 മിനിറ്റ് കൂടി ഒന്ന് ആവി കയറ്റി തീ ഓഫ് ആക്കാം.

തീ ഓഫ് ചെയ്തു അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ, അൽപ്പം കറിവേപ്പില മാത്രം വിതറി വീണ്ടും മൂടിവെച്ച് പിന്നീട് ആവശ്യമുള്ള സമയത്ത് എടുത്തു ഇവ മിക്സ് ചെയ്തു കഴിക്കാവുന്നതാണ്. അപ്പോൾ അടിപൊളി സദ്യയിലെ ഡ്രൈ അവിയൽ തയ്യാറാകും.